ഒമൈക്രോണ്‍ ജാഗ്രതയില്‍ കേരളവും; ഏഴ് ദിവസം ക്വാറന്റീനും, ആര്‍ടിപിസിആറും നിര്‍ബന്ധം

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോണ്‍’ (B.1.1.529) ഭീതിപരത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കും.

ഇവര്‍ സംസ്ഥാനത്ത് എത്തിയശേഷം വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍.ടി.പി.സി.ആറിന് വിധേയമാകണം. കര്‍ശനമായി ഏഴ് ദിവസം ക്വാറന്റീനിലുമായിരിക്കണം. അതിനുശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

മാത്രമല്ല, ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനക്കായി അയക്കും. എല്ലാ വിമാനത്താവളങ്ങളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടിക്രമങ്ങള്‍.

എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പ് അവലോകനയോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top