ആഫ്രിക്കയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തുപേര്‍ ഫോണ്‍ ഓഫാക്കി മുങ്ങി, ജാഗ്രതാ നിര്‍ദേശം

ബെംഗളുരു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു ബൃഹത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്കയുളവാക്കുന്ന സംഭവം.

വിദേശികളുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും വ്യക്തമാക്കി. ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.

ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെനിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവില്‍ എത്തിയത്. ഇതില്‍ 10 പേരുടെ വിലാസം കണ്ടെത്താനായിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലിക കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ഇവരെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് പ്രക്രിയ നടന്നുവരികയാണ്. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തവരെ കണ്ടെത്തുന്നതിന് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഗൗരവ് ഗുപ്ത അറിയിച്ചു.

കര്‍ണാടകയില്‍ രണ്ട് പുരുഷന്മാരിലാണ് കോവിഡ്-19 വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനും ഒരാള്‍ ഡോക്ടറുമാണ്.

Top