വാതുവച്ച് തന്നെ തോൽപ്പിച്ച നിധിനെ നേരിൽ കണ്ട് ഒമർലുലു; പണം നൽകിയോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ

കോട്ടയ്ക്കൽ : ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് ‘വാതുവച്ച്’ തന്നെ തോൽപിച്ച യുവാവിനെ നേരിൽ കാണാനെത്തി സിനിമാ സംവിധായകൻ ഒമർലുലു . കോട്ടയ്ക്കലിൽ വച്ചാണ് കോഴിക്കോട് ബേപ്പൂർ സ്വദേശിയും പ്രവാസിയുമായ നിധിൻ നാരായണനെ കണ്ടുമുട്ടിയത്

ഇം​ഗ്ലണ്ട് പാകിസ്ഥാൻ ടി20 ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വാതുവപ്പിലേക്ക് നയിച്ചത്. ‘ഗംഭീര മത്സരം ആകട്ടെ ഇന്നത്തെ ഫൈനൽ. പാക്കിസ്ഥാൻ ജയിക്കും’ ഇതായിരുന്നു ഒമർലുലു കഴിഞ്ഞ ഞായറാഴ്ചയിട്ട ഫെയ്സ്ബുക് പോസ്റ്റ്. ‘ഇംഗ്ലണ്ട് ജയിക്കും. 5 ലക്ഷം രൂപയ്ക്കു ബെറ്റിന് തയാറാണോ’ എന്നായിരുന്നു നിധിന്റെ കമന്റ്. ഇതിൽ ഒമർ സമ്മതം അറിയിക്കുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതോടെ കാര്യങ്ങൾ ട്രോളർമാർ ഏറ്റെടുത്തു. 5 ലക്ഷം നിധിന് കൊടുക്കണമെന്ന് ഒട്ടേറെ പേർ ആവശ്യപ്പെട്ടു. തുടർന്നാണ് നിധിനെ കാണാൻ കോഴിക്കോട്ടേക്കു തിരിക്കുകയാണെന്ന് ഒമർ ഫെയ്സ്ബുക് പോസ്റ്റിട്ടത്.

കോട്ടയ്ക്കലിൽ ഉണ്ടെന്ന കാര്യം നിധിൻ ഒമറിനെ അറിയിക്കുകയായിരുന്നു. കോട്ടയ്ക്കലിലെത്തി നിധിനൊപ്പം ഭക്ഷണവും കഴിച്ചാണ് അദ്ദേഹം തിരിച്ച് കൊച്ചിയിലേക്കു മടങ്ങിയത്.‘നിധിന് പണം നൽകിയോ’ എന്ന ട്രോളർമാരുടെ സംശയത്തിന് ഇരുവരുടെയും മറുപടി ഒന്നായിരുന്നു. ‘ആ രഹസ്യം ഞങ്ങൾക്കൊപ്പം മണ്ണടിയട്ടെ’.

Top