അഴിമതിക്കേസ്: ഒമര്‍ അബ്ദുള്ളയെ ഇ.ഡി ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ബാങ്ക് അഴിമതി കേസിലാണ് ചോദ്യം ചെയ്തത്. ഇ.ഡിയുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി ഒമര്‍ അബ്ദുള്ള വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നു. ഒമര്‍ അബ്ദുള്ളയുടെ പങ്ക് അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്നും വായ്പ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ബി.ഐ കേസെടുത്തിരുന്നു. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ഉള്‍പ്പടെയുള്ളവരാണ് കേസിലെ പ്രതികള്‍. 12 വര്‍ഷം മുന്‍പുള്ളതാണ് കേസ്.

ഇ.ഡി. ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കോടതിക്കും അതീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് ആരോപിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കോടതിയില്‍ പറയുമെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

Top