‘മഹാ’ ചുഴലിക്കാറ്റ് ; ഒമാനില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്കറ്റ് : ബുധനാഴ്ച ഒമാനില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അല്‍ വുസ്ത, തെക്കന്‍ ശര്‍ഖിയ തീരങ്ങളിലാണ് മഴക്ക് സാധ്യത. ബുധനാഴ്ച വരെ കടലും പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലില്‍ മൂന്ന് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തിലും ഒമാന്‍ കടലില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തിലും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലേക്ക് കടല്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ‘മഹാ’ കാറ്റഗറി രണ്ടിലേക്കുള്ള ചുഴലികൊടുങ്കാറ്റായി ഉയര്‍ന്നതായും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

കാറ്റിന്റെ കേന്ദ്രഭാഗത്തിന് മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെയാണ് വേഗത. ഒമാനിലെ മസീറ ദ്വീപില്‍ നിന്ന് 620 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം. ഇറാന്‍ തീരത്ത് നിന്നുള്ള ന്യൂനമര്‍ദ പാത്തിയുടെ ഫലമായി ചൊവ്വാഴ്ച ‘മഹാ’ ഇന്ത്യന്‍ തീരത്തേക്ക് തന്നെ ദിശമാറാനാണ് സാധ്യത.

‘മഹാ’ ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും വ്യക്തമാക്കി.

Top