ഓമനക്കുട്ടന് നീതി ലഭിക്കുവാൻ കാരണം പ്രമുഖ മാധ്യമങ്ങളുടെ പരസ്പരമുള്ള പോര്

മാധ്യമങ്ങളുടെ ഉദ്ദേശ ശുദ്ധി മാത്രമല്ല, വിശ്വാസ്യതയും കൂടിയാണിപ്പോള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. ചേര്‍ത്തലയിലെ ഓമനക്കുട്ടന്റെ സംഭവത്തോടെ വലിയ പ്രഹരമാണ് മാധ്യമ മേഖലക്കൊന്നാകെ ഏറ്റിരിക്കുന്നത്.

മാധ്യമങ്ങള്‍ എന്ത് വാര്‍ത്ത നല്‍കിയാലും ഉടന്‍ തന്നെ ചാടി പുറപ്പെടുന്നത് അബദ്ധമാകുമെന്ന തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഇതോടെ വന്നു കഴിഞ്ഞു. ഓമനക്കുട്ടനെ കള്ളനാക്കിയ വാര്‍ത്ത നല്‍കിയതും പിന്നീട് കുറ്റവിമുക്തനാക്കിയ വാര്‍ത്ത നല്‍കിയതും മലയാളത്തിലെ ഒന്നും രണ്ടും സ്ഥാനം പങ്കിടുന്ന ചാനലുകളാണ്.

രണ്ടും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണെങ്കിലും ചാനലുകള്‍ക്കിടയിലെ കിട മത്സരമാണ് ഇവിടെ സത്യം പുറത്ത് വരാന്‍ വഴിയൊരുക്കിയിരുന്നത്. ലീഡിങ് വാര്‍ത്ത മിസ് ആയതോടെ ചാനല്‍ തലപ്പത്ത് നിന്നും ലഭിച്ച ശകാരമാണ് രണ്ടാം നമ്പര്‍ ചാനലിന്റെ റിപ്പോര്‍ട്ടറെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ പ്രേരിപ്പിച്ചിരുന്നത്.

ഇതേ വാശി മറ്റു സംഭവങ്ങളിലും ചാനലുകള്‍ കാട്ടിയിരുന്നെങ്കില്‍ അത് ഒരുപാട് കള്ളങ്ങള്‍ പൊളിച്ചടുക്കപ്പെടുവാന്‍ വഴിയൊരുക്കുമായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന പഴുത് ഉപയോഗിച്ചാണ് ഒരു ദിവസം മുഴുവന്‍ ഒരു കമ്യൂണിസ്റ്റുകാരനെ മാധ്യമങ്ങള്‍ കള്ളനാക്കിയത്. ഒരു ചാനല്‍ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ അതു പിന്‍തുടര്‍ന്ന് എല്ലാ മാധ്യമങ്ങളും അറ്റാക്ക് ചെയ്യുന്നതാണ് ഇവിടുത്തെ പരമ്പരാഗത രീതി. സിപിഎം നേതാവ് ഓമനക്കുട്ടന് നേരെയും തുടക്കത്തില്‍ അത് തന്നെയാണ് നടന്നിരുന്നത്.

കള്ളനായി ചിത്രീകരിച്ചവര്‍ക്ക് തന്നെ പിന്നീട് മാപ്പു പറഞ്ഞ് ഓമനക്കുട്ടനെ ഹീറോയാക്കി വാര്‍ത്ത നല്‍കേണ്ടി വന്നതും വേറിട്ട കാഴ്ച്ചയായിരുന്നു. മാധ്യമ വാര്‍ത്ത വിശ്വസിച്ച മന്ത്രി ജി സുധാകരനും നടപടി സ്വീകരിച്ച സി.പി.എമ്മും നിലപാട് തിരുത്തുകയും ചെയ്തു. മാധ്യമ വാര്‍ത്തകള്‍ കേട്ട് മാത്രം നിലപാട് സ്വീകരിക്കരുതെന്ന കര്‍ക്കശ നിലപാട് സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇപ്പോള്‍ കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് മുഖ്യമന്ത്രിക്കുമുള്ളത്.

വ്യൂവേഴ്‌സിനെ കൂട്ടാന്‍ എന്ത് വാര്‍ത്തയും നല്‍കാം എന്ന നിലപാട് മാധ്യമങ്ങള്‍ തിരുത്തിയില്ലെങ്കില്‍ മാധ്യമങ്ങള്‍ തന്നെ ട്രാജഡിയാവുന്ന കാലവും ഇനി വിദൂരമാവില്ല. ഇക്കാര്യം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചേര്‍ത്തലയിലെ കണ്ണികാട് ക്യാംപില്‍ നേരിട്ടെത്തി വിലയിരുത്തിയാണ് വാര്‍ത്ത നല്‍കിയിരുന്നതെങ്കില്‍ ഓമനക്കുട്ടന്‍ ആക്രമിക്കപ്പെടില്ലായിരുന്നു എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ വിവരം നല്‍കിയ കേന്ദ്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാതിരുന്നതാണ് തിരിച്ചടിയായത്. കമ്മ്യൂണിസ്റ്റ്കാരനാണ് പ്രതിസ്ഥാനത്തെങ്കില്‍ കൂടുതല്‍ പരിശോധന വേണ്ടെന്ന മുന്‍ധാരണയാണ് ആദ്യം മാധ്യമങ്ങള്‍ തിരുത്തേണ്ടത്. ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സ്വയം വിമര്‍ശനം നടത്താന്‍ മാധ്യമ പ്രവര്‍ത്തകരും മാധ്യമ സംഘടനകളും ഇനിയെങ്കിലും തയ്യാറാവുകയാണ് വേണ്ടത്.

സ്മാര്‍ട്ട് ഫോണുള്ള ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകരായി മാറുന്ന പുതിയ കാലത്ത് കള്ളവാര്‍ത്തകള്‍ക്ക് അല്‍പായുസ് മാത്രമെ ഉണ്ടാകുകയുള്ളു. മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ഇവിടെ പൊളിച്ചടുക്കപ്പെടുന്നത്. ജനങ്ങള്‍ വാര്‍ത്തകളെ മുഖവിലക്കെടുക്കാത്ത അവസ്ഥയിലേക്ക് പോകുന്നത് മാധ്യമ ചരമ ഗീതത്തിലാണ് കലാശിക്കുക. ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരെങ്കിലും ഈ യാഥാര്‍ത്ഥ്യമിപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷ അനുകൂല മാധ്യമ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളാണിപ്പോള്‍ നിലപാട് വ്യക്തമാക്കാന്‍ ഉപയോഗപ്പെടുത്തി വരുന്നത്. ഓമനക്കുട്ടനെ പിന്തുണച്ച് രംഗത്ത് വന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്റെ നിലപാട് തന്നെ ഇതിന് ഉദാഹരണമാണ്.

ഇതിനിടെ ദേശാഭിമാനി പുറത്ത് വിട്ട ഒരു വിവരവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ നടന്ന ധൂര്‍ത്തും അധിക ചിലവുകളുമാണ് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്ന മാധ്യമ നാവുകള്‍ എവിടെ എന്ന ചോദ്യമാണ് ഇതുവഴി ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളിലൂടെ ഉയര്‍ത്തികൊണ്ട് വരുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത് വന്‍ധൂര്‍ത്തും അധികച്ചെലുമാണെന്നാണ് നിയമസഭാ രേഖകള്‍ പുറത്ത് വിട്ട് ദേശാഭിമാനി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംകൂടി 623 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി 2015 ജൂണ്‍ എട്ടിനാണ് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംകൂടി ആകെയുള്ളത് 478 അംഗങ്ങള്‍ മാത്രമാണ്. ഇക്കാര്യം 2019 ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നുവെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു. യുഡിഎഫ് കാലത്തെ അപേക്ഷിച്ച് പേഴ്സണല്‍ സ്റ്റാഫില്‍ 145 പേരുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതുവഴിമാത്രം പ്രതിവര്‍ഷം പത്ത് കോടിരൂപയാണ് സംസ്ഥാനത്തിന് ലാഭിക്കാനായിരുന്നത്.ഇക്കാര്യം മറച്ചുവച്ചാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികച്ചെലവ് വരുത്തുകയാണെന്ന ആസൂത്രിത പ്രചാരണം നടത്തുന്നതെന്നും സിപിഎം മുഖപത്രം ആരോപിക്കുന്നു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണെങ്കില്‍പോലും 500 പേരെ നിയമിക്കാം. എന്നാല്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ടു മന്ത്രിമാര്‍ക്കുമാത്രമാണ് 25 വീതം സ്റ്റാഫ് ഉള്ളത്. വൈദ്യുതിമന്ത്രി എം എം മണിയുടെ സ്റ്റാഫില്‍ 20 പേരേയുള്ളൂ. അടുത്തിടെ നിയമിതനായ ചീഫ് വിപ്പിനുള്ളത് നാലു സ്റ്റാഫ് മാത്രമാണ്. അതേസമയം ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 25 പേരെയാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 10 പേര്‍ ഗസറ്റഡ് തസ്തികയിലുള്ളവരാണെന്നും ദേശാഭിമാനി ഓര്‍മിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ ഉപദേശകരില്‍ രണ്ടുപേര്‍ മാത്രമാണ് ശമ്പളം പറ്റുന്നത്. മന്ത്രിമാര്‍ക്ക് പുറമെ മൂന്ന് പേര്‍ക്കാണ് ക്യാബിനറ്റ് പദവിയുള്ളത്. ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന് 11 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്റ്റാഫില്‍ മൂന്ന് പേരുമാണുള്ളത്. സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായി നിയമിച്ച എ സമ്പത്തിന് നാല് പേരെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ 21 മന്ത്രിമാര്‍ക്ക് പുറമെ ചീഫ് വിപ്പും സ്വന്തം സ്റ്റാഫില്‍ 32 പേരെ വരെ നിയമിച്ച മന്ത്രിമാരുമുണ്ടായിരുന്നു. അക്കാലത്ത് പാചകത്തിന് മാത്രമായി നിയമിച്ചത് 61 പേരെയായിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലെ നിയന്ത്രണമില്ലായ്മക്കെതിരെ അന്ന് ആഞ്ഞടിച്ച പി സി ജോര്‍ജ് ചീഫ് വിപ്പായപ്പോഴും വെച്ചു പത്ത് സ്റ്റാഫിനെ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഈ ധൂര്‍ത്തുകള്‍ പകല്‍ പോലെ വ്യക്തമായിട്ടും ഇക്കാര്യങ്ങള്‍ എന്താണ് മാധ്യമങ്ങള്‍ അന്ന് ചര്‍ച്ച ചെയ്യാതിരുന്നത് എന്നതാണ് ഒരു വിഭാഗമിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറുണ്ടോ എന്നും ഇടത് അനുഭാവികള്‍ വെല്ലു വിളിക്കുന്നുണ്ട്. മാധ്യമ അജണ്ട എന്നത് ഇടതുപക്ഷ വിരുദ്ധ അജണ്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടരിക്കുകയാണെന്നാണ് ഈ വിഭാഗത്തിന്റെ ആക്ഷേപം.

Political Reporter

Top