ടൂറിസത്തില്‍ വന്‍ കുതിച്ചുചാട്ടം;ഒമാനിലെത്തിയ സഞ്ചാരികളില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്

മസ്കറ്റ്: ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും സഞ്ചാരികളുടെ വരവിനെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ ശരിയായ ദിശയില്‍ പുരോഗമിക്കുന്നതിന്റെ സൂചനയായി ഒമാനിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം പേരുടെ വര്‍ധനയാണ് ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം 13 ലക്ഷം സഞ്ചാരികള്‍ എത്തിയ സ്ഥാനത്ത് ഇക്കുറി 14 ലക്ഷം പേര്‍ എത്തിയതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ജി.സി.സി പൗരന്മാരാണ് സഞ്ചാരികളില്‍ കൂടുതലുമുള്ളത്. 5,14,024 ലക്ഷം ജി.സി.സി പൗരന്മാരാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ഇന്ത്യക്കാരാണ് തൊട്ടുപിന്നിലുള്ളത്. 1,49,251 ലക്ഷം ഇന്ത്യക്കാരാണ് ജൂണ്‍ അവസാനം വരെ എത്തിയത്.

1,31,165 ലക്ഷം ജര്‍മന്‍കാരും, 92,970 ബ്രിട്ടീഷുകാരും, 56,141 ഇറ്റലിക്കാരും ഒമാനിലെത്തി. ക്രൂയിസ് ഷിപ്പുകളില്‍ 1,27,000 ലക്ഷം പേര്‍ എത്തിയതായി മേയ് അവസാനം വരെയുള്ള കണക്കുകള്‍ പറയുന്നു. ജര്‍മന്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍, അമേരിക്കന്‍ പൗരന്മാരാണ് ക്രൂയിസ് ഷിപ്പുകളില്‍ എത്തിയവരില്‍ കൂടുതല്‍ പേരും. മേയ് വരെ 25 ലക്ഷം ഒമാനികള്‍ വിദേശ രാജ്യങ്ങളില്‍ വിനോദ യാത്രയ്ക്ക് പോയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2040 ലക്ഷ്യമിട്ടുള്ള ഒമാന്‍ ടൂറിസത്തിന്റെ കര്‍മ പരിപാടി സജീവമായി മുന്നോട്ടുപോവുകയാണ്. ടൂറിസം പദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് സഹകരിച്ച് നിരവധി ടൂറിസം പദ്ധതികളാണ് രാജ്യത്ത് ആസൂത്രണം ചെയ്തുവരുന്നത്.

ആഭ്യന്തര ഉല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവസരങ്ങളൊരുക്കുകയും ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ലക്ഷ്യമാണ്. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയില്‍ ടൂറിസം മേഖലക്ക് പ്രധാനപ്പെട്ട സ്ഥാനമാണ് ഒമാന്‍ നല്‍കുന്നത്.

Top