ദേശീയദിന അവധി: ആഘോഷ തിരക്കിലേക്ക് ഒമാന്‍

മസ്‌കത്ത്: ദേശീയദിന അവധി ആരംഭിച്ചതോടെ ഒമാന്‍ ആഘോഷ തിരക്കിലേക്ക്. വാരാന്ത്യ അവധിയടക്കം നാല് ദിവസത്തെ ലീവാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നത്. ഇതോടെ നാടും നഗരവും അവധി ആഘോഷങ്ങളിലേക്ക് നീങ്ങും. കോവിഡ് രോഗവ്യാപനം ഒറ്റ അക്കത്തില്‍ ഒതുങ്ങിയത് ഏറെ കാലത്തിന് ശേഷം ലഭിച്ച പൊതു അവധി ആഘോഷത്തിന് മികവ് കൂട്ടും. 19 മാസത്തിന് ശേഷം ആദ്യമായാണ് നിയന്ത്രണങ്ങളില്ലാത്ത അവധി ലഭിക്കുന്നത്. രണ്ട് പെരുന്നാള്‍, ദേശീയദിന ഒഴിവുകളാണ് ഒമാനിലെ പ്രധാന അവധികള്‍. 2020 മാര്‍ച്ച് മുതല്‍ ഈ അവധികളെല്ലാം നിയന്ത്രണങ്ങള്‍ക്ക് നടുവിലായിരുന്നു.

വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ രണ്ട്‌ െപരുന്നാള്‍ അവധികളും ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണത്തിലായിരുന്നു. അതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റിയിരുന്നില്ല. ഏറെ കാലത്തിന് ശേഷം ലഭിക്കുന്ന പൊതു അവധിയായതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നുണ്ട്. അതിനാല്‍ വിനോദസഞ്ചാര മേഖലകളിലും മാളുകളിലും അവധിക്കാലത്ത് വലിയ തിരക്ക് അനുഭവപ്പെടും.

 

Top