പള്ളികളും ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശം

മസ്‌കത്ത്: മസ്‌കത്തിലെ പള്ളികള്‍ അടക്കാന്‍ സുപ്രീം കമ്മിറ്റിയുടെ മൂന്നാമത് യോഗത്തിന്റെ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‌കാരം പാടില്ലെന്നും യോഗം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാങ്ക് വിളി മാത്രമാണ് പള്ളികളില്‍ നിന്ന് ഉണ്ടാവുക.

ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടക്കണം. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും പരിപാടികളും സമ്മേളനങ്ങളുമെല്ലാം റദ്ദാക്കാന്‍ യോഗം നിര്‍ദേശിച്ചു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടക്കണം. പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ തടയണം. ബീച്ചുകളില്‍ ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യരുത്. കമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലെ എല്ലാ കടകളും അടക്കണം. ഭക്ഷ്യവസ്തുക്കളും ഉപഭോക്തൃ ഉത്പന്നങ്ങളും വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവക്ക് മാത്രമാണ് ഇളവുണ്ടാവുക.

രാജ്യത്തെ പരമ്പരാഗത മാര്‍ക്കറ്റുകളായ മത്ര മാര്‍ക്കറ്റ്, നിസ്‌വ മാര്‍ക്കറ്റ്, സിനാവ് മാര്‍ക്കറ്റ് എന്നിവ അടച്ചിടണം.പ്രശസ്തമായ ബുധനാഴ്ച മാര്‍ക്കറ്റ്, വ്യാഴാഴ്ച മാര്‍ക്കറ്റ്, വെള്ളിയാഴ്ച മാര്‍ക്കറ്റ് എന്നിവക്കും നിരോധനം ബാധകമാണ്. റസ്‌റ്റോറന്റുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. പാഴ്‌സലുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. എല്ലാ സ്‌പോര്‍ട്‌സ്, കള്‍ചറല്‍ ക്ലബുകളും അടച്ചിടണമെന്നും നിര്‍ദേശമുണ്ട്.

ജിമ്മുകള്‍,ഹെല്‍ത്ത് ക്ലബുകള്‍,ബാര്‍ബര്‍-ബ്യൂട്ടിഷോപ്പുകള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനും നിര്‍ദേശിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ബാര്‍ബര്‍, ബ്യൂട്ടിഷോപ്പുകളും അടക്കണം. സ്‌പോര്‍ട്‌സ്, കള്‍ചറല്‍ ക്ലബുകള്‍ അടച്ചിടും. ഒമാനികള്‍ രാജ്യത്തിന് പുറത്ത് പോകുന്നതും കമ്മിറ്റി നിരോധിച്ചിരിക്കുകയാണ്.

Top