ഒമാന്‍-സൗദി റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍ വൈകാതെ തുറക്കാനാകും

ഒമാന്‍: ഒമാനെയും സൗദിയും ബന്ധിപ്പിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലി വഴിയുള്ള 726 കിലോമീറ്റര്‍ റോഡിന്റ നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്ന് ഒമാന്‍ അംബാസഡര്‍ സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍ സൈദ് പറഞ്ഞു. അടുത്ത് തന്നെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ആവശ്യമായ നടപടികള്‍ രണ്ട് രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതായി സയ്യിദ് ഫൈസല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒമാനും സൗദി അറേബ്യയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ ഇത് സഹായിക്കും. പരസ്പരമുള്ള ബഹുമാനം അടങ്ങിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം. സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ ബന്ധങ്ങളില്‍ ഇത് പ്രതിഫലിക്കാന്‍ ആണ് ലക്ഷ്യമിടുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.

ഒമാന്‍ വിഷന്‍ 2040 പദ്ധതിക്കും സൗദി വിഷന്‍ 2030 പദ്ധതിക്കും പൊതുവായ ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ഭരണതലത്തിത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായി സൗദി ബിസനസുക്കാര്‍ക്ക് ഒമാനില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. യമന്‍ വിഷയത്തില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഒരു പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

 

Top