സെലക്ടീവ് ടാക്‌സ്; കമ്പ്യൂട്ടര്‍ സംവിധാനം തയാറായതായി ഒമാന്‍

ഒമാന്‍: സെലക്ടീവ് ടാക്‌സ് ബാധകമായവര്‍ക്കുള്ള ഇലക്ട്രോണിക് സംവിധാനം തയാറായതായി സെക്രട്ടറിയേറ്റ് ജനറല്‍ ഫോര്‍ ടാക്‌സേഷനിലെ സര്‍വേ ആന്റ് ടാക്‌സ് എഗ്രിമെന്റ്‌സ് വിഭാഗം മേധാവി സുലൈമാന്‍ ബിന്‍ സാലിം അല്‍ ആദി അറിയിച്ചു. ഒമാനില്‍ ഈ മാസം 15 മുതലാണ് സെലക്ടീവ് ടാക്‌സ് നിലവില്‍ വരുന്നത്.

പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, മദ്യം, പന്നിയിറച്ചി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ്‌ പുതിയ നികുതി ബാധകം. നികുതി ബാധകമായ ഉല്‍പന്നങ്ങളുടെ ഇറക്കുമതി, ഉല്‍പാദനം, വിതരണം, വില്‍പന തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പുതിയ എക്‌സൈസ് നികുതിദായകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ടാക്‌സ് റിട്ടേണിന് ഒപ്പം നികുതി ബാധ്യതയടക്കുന്നതിനും ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം. പുതിയ എക്‌സൈസ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷെന്റ കരട് തയാറാക്കിയതായി സുലൈമാന്‍ അല്‍ ആദി പറഞ്ഞു. ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിരിക്കുന്നത് നികുതിദായകരുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ്, നികുതി റിട്ടേണ്‍ സമര്‍പ്പണം, നികുതിയടക്കല്‍ തുടങ്ങി പ്രവര്‍ത്തനത്തിന്റെ എല്ലാ തലങ്ങളിലും ഉപയോഗിക്കാനാകുന്ന രീതിയിലാണ്.

നികുതി നിലവില്‍ വരുന്നതിന് മുമ്പ് തന്നെ നിലവില്‍ നികുതി ബാധകമായ ഉല്‍പന്നങ്ങള്‍ കൈവശമുള്ളവര്‍ കൈവശമുള്ള ഉല്‍പന്നങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കണം. നികുതി വെട്ടിപ്പിന് മൂന്ന് വര്‍ഷം വരെ തടവും ഇരുപതിനായിരം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Top