ഒമാനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷൻ തുടങ്ങും

മസ്‌കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ആദ്യ ഡോസ് വാക്‌സിനുകള്‍ നല്‍കി തുടങ്ങും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓരോ വകുപ്പുകളുമായുള്ള മുന്‍ ഏകോപനം അനുസരിച്ച് ആയിരിക്കും വാക്‌സിന്‍ നല്‍കുന്നതെന്ന് മസ്‌കറ്റിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതില്‍ കൂടുതലോ പൂര്‍ത്തിയായവര്‍ക്ക് രണ്ടാമത്തെ ഡോസിനുള്ള  ക്യാമ്പയെന്‍ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. ബൗഷറിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്സ്, വത്തയ്യായിലെ ഇമാം ജാബര്‍ ബിന്‍ സെയ്ദ് സ്‌കൂള്‍, അമരാത് വാലി ഓഫീസ്, ഖുറിയാത് പോളിക്ലിനിക്, അലന്‍ ബേ ബോയ്‌സ് ഹൈസ്‌കൂള്‍ സീബ് എന്നിവടങ്ങളിലാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.45 വയസ്സ് കഴിഞ്ഞ പൗരന്മാര്‍ക്കും, രാജ്യത്തെ സ്ഥിരതാമസക്കാര്‍ക്കും ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. രാജ്യത്ത് മാസ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ കുത്തിവെപ്പെടുത്തവരുടെ എണ്ണം വര്‍ദ്ധിച്ചു.

ഇതിനകം ഒമാനിലെ  ആകെ ജനസംഖ്യയുടെ 10 ശതമാനത്തിലേറെ  പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ്  കണക്കുകള്‍   സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതോടു കൂടി രാജ്യത്ത് വാക്‌സിനേഷന്‍ ക്യാംപയിന്‍ വേഗത്തില്‍ പൂര്‍ത്തികരിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top