അതീവ ജാഗ്രതയില്‍ ഒമാന്‍; ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒമാനില്‍ കനത്ത ജാഗ്രത. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‌കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വര്‍ദ്ധിച്ചാല്‍, ജനങ്ങള്‍ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളില്‍ കഴിയണമെന്ന് ഒമാന്‍ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു.

രാജ്യത്ത് പലയിടങ്ങളിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ കടല്‍ തിരമാലകള്‍ സംരക്ഷണ മതില്‍ മറികടന്ന് കരയിലേക്ക് കയറി. ഇവിടങ്ങളില്‍ വീടുകളിലേക്ക് കടല്‍ വെള്ളം കയറുന്നുവെന്ന് ഒമാന്‍ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ അല്‍ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അല്‍ നഹ്ദ പ്രസിന് പിന്നിലുള്ള മല ഇടിഞ്ഞു വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ബൗഷറിലെ അല്‍-അത്തൈബ മേഖലയില്‍ വെള്ളപ്പാച്ചിലില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യൂ സംഘം രക്ഷപെടുത്തി.

മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷികളില്‍ ഏര്‍പെട്ടവരോടും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഒമാന്‍ കൃഷി മത്സ്യ – ജലവിഭവ മന്ത്രാലയം അറിയിച്ചു. അണക്കെട്ടുകളെ സമീപിക്കരുതെന്നും താഴ്‌വരകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഒമാന്റെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഖുറാമിലെ വാണിജ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അല്‍-നഹ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് സാധ്യത മുന്നില്‍കണ്ട് വിമാന സര്‍വീസുകളുടെ സമയക്രമം വിവിധ കമ്പനികള്‍ മാറ്റിയിരുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റ് മുതല്‍ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് വരെയുള്ള തീരദേശ റോഡിലൂടെയുള്ള ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തി.

 

Top