സ്വദേശിവല്‍ക്കരണം; ഒമാനില്‍ വിദേശികളുടെ എണ്ണം കുറയുന്നു

മസ്‌ക്കറ്റ്; ഒമാനില്‍ വിദേശികളുടെ എണ്ണം കുറയുന്നതായി ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യം വിട്ടത് 65,000 വിദേശികളാണ്. 2018 മെയ് മാസത്തെ ജനസംഖ്യയില്‍ നിന്നും 65,397 വിദേശികളുടെ കുറവാണ് ഒമാന്‍ ദേശിയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന തൊഴില്‍ വിസ നിയന്ത്രണങ്ങളാണ് ഈ കൊഴിഞ്ഞുപോക്കിന് കാരണം. ഒരു തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് തൊഴില്‍ കരാര്‍ മാറുന്നതിന് കര്‍ശന നിയമമാണ് ഒമാനില്‍ നിലനില്‍ക്കുന്നത്. ഇത് നിരവധി പ്രവാസികളെ അവരുടെ നാട്ടിലേക്ക് മടങ്ങി പോകാന്‍ പ്രേരിപ്പിച്ചു.

കഴിഞ്ഞ മെയ് 31 വരെയുള്ള ഒമാനിലെ ജനസംഖ്യയില്‍ 20 ലക്ഷം വിദേശികളാണ് ഒമാനില്‍ സ്ഥിര താമസക്കാരായിട്ടുള്ളത്. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി പത്തു വിഭാഗങ്ങളിലെ 87 തസ്തികയിലേക്കുള്ള വിസ നിരോധനം വിദേശികളുടെ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് കുറയാന്‍ കാരണമായി.

രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം വിദേശികളുടെ എണ്ണം ഇനിയും കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

Top