വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാന്‍

മസ്‌ക്കറ്റ്: വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒമാന്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിയമം ബാധകമാണ്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് മൊബൈല്‍ ആപ്പില്‍ ഓണ്‍ലൈനായി ലഭ്യമാവുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാണിക്കേണ്ടത്. ക്യുആര്‍ കോഡ് കൃത്യമായി വ്യക്തമാവുന്ന വിധത്തില്‍ എടുത്ത അതിന്റെ പ്രിന്റൗട്ടും കാണിച്ചാല്‍ മതിയാവും.

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സപ്തംബര്‍ ഒന്നു മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വന്നത്. അതേസമയം, സെപ്തംബര്‍ 15 മുതല്‍ മാളുകളിലെ പ്രവേശനത്തിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Top