ഒമാനിലെ വിദേശി ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍

മസ്‌കത്ത്: ഒമാനിലെ വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍. സ്റ്റാറ്റിസ്റ്റിക്‌സ്ഇന്‍ഫര്‍മേഷന്‍ ദേശീയ കേന്ദ്രം നടത്തിയ കണക്കെടുപ്പിലാണ് ഒമാനിലെ വിദേശി ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഒക്ടോബറിലെ കണക്കനുസരിച്ച് ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം 6,64,227 ആണ്.

മൊത്തം ബംഗ്ലാദേശികളുടെ എണ്ണം 6,63,618 ആണ് എന്നാല്‍ ഇവരെക്കാള്‍ 609 പേര്‍ മാത്രമാണ് ഇന്ത്യക്കാരില്‍ കൂടുതലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ബംഗ്ലാദേശികളുടെ എണ്ണം ഇന്ത്യക്കാരെക്കാള്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ തൊഴില്‍ വിസ നല്‍കുന്നതില്‍ ഒമാന്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇത്തവണ ബംഗ്ലാദേശികളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഒമാനിലെ മൊത്തം ഇന്ത്യക്കാരില്‍ 48,115 സ്ത്രീകളും 6,16,112 പുരുഷന്മാരുമാണുള്ളത്. ബംഗ്ലാദേശികളില്‍ 28,335 സ്ത്രീകള്‍ മാത്രമാണുള്ളത്. 6,35,283 പേരും പുരുഷന്മാരാണ്. സ്വദേശി വത്കരണം ശക്തിപ്പെടുന്നതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്.

Top