മെഡിക്കൽ പരിശോധന ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് ഒമാൻ

വിദേശികള്‍ക്ക് റെസിഡന്റ് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധന ഫീസ് ഒമാന്‍ ആരോഗ്യ മന്ത്രാലയം വര്‍ധിപ്പിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മെഡിക്കല്‍ പരിശോധന ഫീസ് പത്ത് റിയാലില്‍നിന്ന് 30 റിയാല്‍ ആയും പൊതുമേഖലയില്‍ ജോലി ചെയ്യുന്നന്നവര്‍ക്ക് ഇതേ സേവനത്തിനുള്ള ഫീസ് പത്ത് റിയാല്‍ ആയും വര്‍ധിപ്പിച്ചു.

വിദേശികള്‍ക്ക് ഒമാനിലെയോ രാജ്യത്തിന് പുറത്തെയോ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഫീസ് 500 ബൈസയില്‍നിന്ന് രണ്ട് റിയാലായും ഉയര്‍ത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി ഒന്ന് മുതലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പ്രാബല്യത്തില്‍ വരുക.

മെഡിക്കല്‍, മെഡിക്കല്‍ അസിസ്റ്റന്റ് വിഭാഗങ്ങളില്‍ ഒമാനികളല്ലാത്തവരുടെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് ഇനി 20 റിയാല്‍ ഫീസ് നല്‍കണം. ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗം ഒഴിച്ചുള്ള അസിസ്സ്റ്റന്റ് മെഡിക്കല്‍ തസ്തികകളിലെ ലൈസന്‍സിന് വിദേശികള്‍ 100 റിയാല്‍ നല്‍കണം.

കുത്തിവെപ്പ്, ഔഷധ ഇറക്കുമതി പെര്‍മിറ്റ്, സ്വകാര്യ ആശുപത്രി, ക്ലിനിക്, ഫാര്‍മസി എന്നിവ സ്ഥാപിക്കല്‍ എന്നിവക്ക് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസും ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Top