ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: കൊവിഡ് വ്യാപനം വലിയ തോതില്‍ നിയന്ത്രണ വിധേയമായതോടെ ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകള്‍ പ്രഖ്യാപിച്ചത്. അതോടൊപ്പം കോവിഡ് വാക്‌സിനേഷനിലുണ്ടായ വലിയ പുരോഗതിയും ഇതിനു കാരണമായി.

സാമൂഹിക, സാംസ്‌കാരിക, കായിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. പരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ പകുതിശേഷിയില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സെപ്റ്റംബര്‍ അവസാനം വരെ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പരിപാടിയില്‍ പ്രവേശനത്തിന് അനുമതി.

പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം. മറ്റു നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ക്ക് സുപ്രിം കമ്മിറ്റി നേരത്തേ പ്രവേശനാനുമതി നല്‍കിയിരുന്നു.

 

Top