ഒമാനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; ഐസിയു നിറഞ്ഞുകവിഞ്ഞു

മസ്‌കറ്റ്: ഒമാനില്‍ ഉടനീളമുള്ള നിരവധി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികള്‍ 100 ശതമാനത്തിലെത്തി. സുല്‍ത്താന്‍ ഖബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രി, സലാലയിലെ സുല്‍ത്താന്‍ ഖബൂസ് ആശുപത്രി, ഖസബ് ആശുപത്രി എന്നിവയാണ് ഇപ്പോള്‍ കൊവിഡ് രോഗികളാല്‍ പൂര്‍ണ്ണമായും നിറഞ്ഞിരിക്കുന്നത്.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് സുല്‍ത്താനേറ്റിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട മൊത്തം രോഗികളുടെ എണ്ണം 751 ല്‍ എത്തി. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് മൊഹമ്മദ് അല്‍ സയീദി പറഞ്ഞു.

രാജ്യത്ത് 234 ഐസിയുകളാണ് ഉള്ളത്. ആകെ 1,789 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദവും മുന്‍കരുതല്‍ നടപടികളില്‍ വരുത്തിയ വീഴ്ചയുമാണ് കൊവിഡ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘വൈറസ് ഒന്നിലധികം തവണ പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒത്തുചേരലുകള്‍ പോലുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതാണ് വൈറസ് കേസുകളുടെ എണ്ണം കൂടുന്നതും പുതിയ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നതെന്നും അല്‍ സയീദി പറഞ്ഞു.

 

Top