ഒമാനില്‍ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു

മസ്‌കറ്റ്: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ അടച്ചത്. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പ്രവേശിക്കരുതെന്നും വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ഥിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

‘വീടുകള്‍, വാടക ഹാളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യ- പൊതുയിടങ്ങളിലും പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്തരുതെന്നും അവരവരുടെ വീടുകളില്‍ കുടുംബാംഗങ്ങളുമൊത്ത് പ്രാര്‍ഥിക്കണമെന്നും’ റുവിയിലെ സെന്റ്. പീറ്റര്‍ ആന്റ് പോള്‍ കാത്തലിക് ഫാ. റൗള്‍ റമോസ് പള്ളി വികാരി ഫാ. റൗള്‍ റമോസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

‘കൊവിഡിനെ ചെറുക്കുന്നതിനുള്ള നടപടികള്‍ക്ക് അനുസൃതമായി പൊതുസമ്മേളനങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കത്തോലിക്കാ സഭകള്‍ ഒമാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കും’, ഫാ. റൗള്‍ റമോസ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ ഏപ്രില്‍ 3 മുതല്‍ പള്ളി അടച്ചിരിക്കും.

ചട്ടങ്ങളുടെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങളുടെ കവാടങ്ങളും അടച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം മനസിലാക്കി എല്ലാ വിശ്വാസികളോടും അഭ്യര്‍ഥിക്കുന്നതായും കൊവിഡ് വ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം അടച്ച ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും ഡിസംബര്‍ അവസാനമാണ് തുറന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ആരാധനകള്‍ക്കാണ് അനുമതി ഉണ്ടായിരുന്നത്.

Top