ഒമാന്‍ വിമാനത്താവളങ്ങളില്‍ വരുമാനത്തില്‍ 25 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്

മസ്‌കറ്റ്: ഒമാനിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 2017ല്‍ ഉണ്ടായത് 25 ശതമാനം വളര്‍ച്ച. മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ വര്‍ധിച്ചതിനാലാണ് വരുമാനത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 5,48,000 ലക്ഷം വിമാനങ്ങള്‍ ഒമാന്‍ ആകാശത്തിലൂടെ കടന്നുപോയതായും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസവും 1600 വിമാനങ്ങള്‍ എന്ന തോതിലാണ് കഴിഞ്ഞ വര്‍ഷം ഒമാനിലൂടെ കടന്നുപോയത്. വിമാനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധിച്ചു. 2013 മുതല്‍ 2017 വരെ കാലയളവില്‍ വിമാന സര്‍വിസുകളില്‍ രേഖപ്പെടുത്തിയത് 30 ശതമാനത്തിന്റെ വര്‍ധനയാണ്.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ 17 ശതമാനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 14 ദശലക്ഷം യാത്രക്കാരാണ് മസ്‌കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. മസ്‌കത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം വന്നിറങ്ങുകയും പുറപ്പെടുകയും ചെയ്തത് 1.20 ലക്ഷം വിമാനങ്ങളാണ്. 2016നെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ വര്‍ധനവാണ് വിമാനങ്ങളുടെ എണ്ണത്തിലുണ്ടായത്. മസ്‌കറ്റ് വഴിയുള്ള എയര്‍ കാര്‍ഗോയില്‍ 24 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി.

2013-17 കാലയളവില്‍ സലാല വിമാനത്താവളം 99 ശതമാനം വളര്‍ച്ച നേടി. 2013ലെ 7,46,994 ലക്ഷം യാത്രക്കാര്‍ 2017ല്‍ 14,85,635 ആയാണ് വര്‍ധിച്ചത്. സുഹാര്‍ വിമാനത്താവളത്തില്‍ 2017 ജൂലൈ മുതല്‍ വര്‍ഷാവസാനം വരെ 987 വിമാനങ്ങള്‍ സര്‍വിസ് നടത്തുകയും 1,14,504 ലക്ഷം പേര്‍ യാത്ര ചെയ്യുകയും ചെയ്തു. 41 ശതമാനം വളര്‍ച്ചയാണ് ദുകം വിമാനത്താവളം കഴിഞ്ഞവര്‍ഷം നേടിയത്. 34,347 പേരാണ് യാത്ര ചെയ്തത്.

പുതിയ മസ്‌കത്ത് വിമാനത്താവളം തുറന്നതോടെ കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ തുടങ്ങിയിട്ടുണ്ട്. മസ്‌കത്തില്‍ നിന്ന് ഒമാന്‍ എയര്‍ അടക്കമുള്ള വിമാനങ്ങള്‍ ദീര്‍ഘ ദൂര സര്‍വിസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സര്‍വിസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷം വിനോദ സഞ്ചാരികളും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Top