ഓമല്‍ താമര. . . ഞാന്‍ പ്രകാശനിലെ ആദ്യഗാനം കാണാം

ത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം വീണ്ടും ഒന്നിക്കുന്ന ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലെ ആദ്യലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ഓമല്‍ത്താമര എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്. യദു എസ് മാരാരും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക.

നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരു യുവാവിന്റെ കഥയാണ് ഞാന്‍ പ്രകാശനിലൂടെ അവതരിപ്പിക്കുന്നത്. പഠിച്ച പണി ചെയ്യാതെ, എല്ലാറ്റിനെയും കുറ്റംപറഞ്ഞ് നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് നായകന്‍ പ്രകാശന്‍. പ്രകാശന്‍ എന്ന പേരിന് പരിഷ്‌കാരം പോരാഞ്ഞിട്ട് അവന്‍ പി.ആര്‍. ആകാശ് എന്ന് ഗസറ്റിലൂടെ പേര് മാറ്റിയിരിക്കുകയാണ്.

മെയില്‍ നേഴ്‌സിങ് കഴിഞ്ഞ് നാട്ടിലെ ആശുപത്രികളിലൊന്നും ജോലിക്ക് പോകാതെ ആശുപത്രിക്കാരെ കുറ്റംപറഞ്ഞ് നടപ്പാണ്. ഈ സാഹചര്യത്തിലാണ് തന്റെ ജൂനിയറായി നേഴ്‌സിങ്ങിന് ബാംഗ്ലൂരില്‍ പഠിച്ചിരുന്ന ശലോമി എന്ന പെണ്‍കുട്ടി പ്രകാശന്റെ വീട്ടിലെത്തുന്നത്. അവള്‍ ജര്‍മനിയിലേക്ക് പോകുന്നു. ഇത് പ്രകാശനൊരു ഷോക്കായിരുന്നു. കാരണം ജര്‍മനി അവന്റെ സ്വപ്നമായിരുന്നു. നിസ്സാരക്കാരിയായ സലോമി പോലും ജര്‍മനിക്ക് പോകുന്നു. അതോടെ അവന്‍ നാടുവിട്ട് നഗരത്തിലെത്തി. അച്ഛന്റെ ശിഷ്യനായ ഗോപാല്‍ജിയുടെ സഹായത്തോടെ പിന്നെ ജര്‍മനിക്ക് പോകാനുള്ള അവന്റെ ശ്രമങ്ങളും ഇതിനിടെ അവന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് തികച്ചും രസാവഹമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Top