ഒളിംപിക്സ് വനിതാ ഹോക്കി ഫൈനല്‍; ഇന്ത്യ ഇന്നിറങ്ങും

ടോക്യോ: ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന സെമിയില്‍ അര്‍ജന്റീനയാണ് എതിരാളികള്‍.

വലിയൊരു സ്വപ്നത്തിലേക്ക് സ്റ്റിക്കെടുക്കുകയാണ് റാണി റാംപാലും സംഘവും. ഈ മോഹത്തിന് ഊര്‍ജ്ജമായത് ഗുര്‍ജീത് കൗറിന്റെ മറക്കാനാവാത്ത ഗോള്‍. ക്വാര്‍ട്ടറില്‍ മറികടന്നത് ചില്ലറക്കാരെയല്ല. മൂന്ന് തവണ ചാമ്പ്യന്‍മാരും ലോക റാങ്കിംഗിലെ മൂന്നാം റാങ്കുകാരുമായ ഓസ്ട്രേലിയയെ വീഴ്ത്തുകയായിരുന്നു. എന്നാല്‍ പിടിച്ചതിനേക്കാള്‍ വലുതാണ് സെമിയില്‍  കാത്തിരിക്കുന്നത്. രണ്ടാം റാങ്കുകാരായ അര്‍ജന്റീന. ഇതുവരെ പഠിച്ച പാഠങ്ങള്‍ക്കപ്പുറമുള്ള വിദ്യകള്‍ പുറത്തെടുത്താലേ രക്ഷയുള്ളൂ.

ഓസീസിനെ വീഴ്ത്തിയ ആവേശം ഇന്ത്യന്‍ വനിതകള്‍ക്ക് കരുത്താവുമെന്നുറപ്പ്. ആറ് കളിയില്‍ പതിനാല് ഗോള്‍ വഴങ്ങിയപ്പോള്‍ നേടിയത് എട്ട് ഗോള്‍. രണ്ട് തോല്‍വിയും നാല് ജയവും അക്കൗണ്ടിലുള്ള അര്‍ജന്റീന ക്വാര്‍ട്ടറില്‍ ജര്‍മനിയെ എതിരില്ലാത്ത മൂന്ന് ഗോളിന് മറികടന്നാണ് വരുന്നത്. ആകെ നേടിയത് പതിനൊന്ന് ഗോളെങ്കില്‍ വഴങ്ങിയത് എട്ടും.

റിയോയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യന്‍ വനിതകള്‍ ടോക്യോയില്‍ ആദ്യ മൂന്ന് കളിയിലും തോറ്റാണ് തുടങ്ങിയത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ പോരാട്ടവീര്യമാണ് പിന്നെ കണ്ടത്. ആദ്യമായി സെമിയില്‍ കടന്ന ഇന്ത്യന്‍ മിടുമിടുക്കികള്‍ ഫൈനലിലേക്ക് ഉദിച്ചുയരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

Top