ഒളിമ്പിക്‌സ്; ടെന്നീസില്‍ സിറ്റ്‌സിപാസിനെ അട്ടിമറിച്ച് ഉഗോ ഹുംബെര്‍ട്ട്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ടെന്നീസില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ഉഗോ ഹുംബെര്‍ട്ട്. മൂന്നാം റൗണ്ട് മത്സരത്തില്‍ അഞ്ചാം സീഡായ സിറ്റ്‌സിപാസിനെ 6-2, 6-7, 2-6 എന്ന സ്‌കോറുകള്‍ക്കാണ് ഹുംബെര്‍ട്ട് അട്ടിമറിച്ചത്.

ഒളിമ്പിക്‌സ് അരങ്ങേറ്റം നടത്തിയ സിറ്റ്‌സിപാസ് ആദ്യ സെറ്റ് 30 മിനിട്ടിനുള്ളില്‍ സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ഫ്രഞ്ച് താരം ആവേശജയം സ്വന്തമാക്കുകയായിരുന്നു. 2020 നവംബറില്‍ നടന്ന പാരിസ് മാസ്റ്റേഴ്‌സില്‍ രണ്ടാം സീഡ് ആയിരുന്ന സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയ താരമാണ് ഹുംബര്‍ട്ട്.

രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ താരങ്ങള്‍ മത്സരം ടൈബ്രേക്കറിലെത്തിച്ചു. ടൈബ്രേക്കറില്‍ സെറ്റ് സ്വന്തമാക്കിയ ഹുംബെര്‍ട്ട് മൂന്നാം സെറ്റ് അനായാസമാണ് സ്വന്തമാക്കിയത്. എന്നാല്‍, മൂന്നാം സെറ്റിനു മുന്‍പ് കണ്ണങ്കാലിനു പരുക്കേറ്റ ഗ്രീക്ക് താരം വൈദ്യ സഹായം തേടിയിരുന്നു. ഇത് സിറ്റ്‌സിപാസിന്റെ മത്സരത്തില്‍ കാണാന്‍ സാധിച്ചു.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിച്ച താരമായിരുന്നു സിറ്റ്‌സിപാസ്. ലോക ഒന്നാം നമ്പര്‍ താമായ നൊവാക് ജോക്കോവിച്ചിനെതിരെ മികച്ച പോരാട്ടം കാഴ്ച വച്ച സിറ്റ്‌സിപാസ് പൊരുതിയാണ് കീഴടങ്ങിയത്. പിന്നില്‍ നിന്ന് തിരിച്ചടിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം അഞ്ചാം സീഡ് താരത്തിന്റെ വെല്ലുവിളി മറികടന്നത്. സ്‌കോര്‍ (6)6-7 2-6 6-3 6-2 6-4.

 

Top