ഒളിമ്പിക്‌സ്; 10 മീറ്റര്‍ എയര്‍ റൈഫിളിലും ഫൈനല്‍ കാണാതെ പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ തന്നെ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകള്‍ക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനില്‍ വാലറിവാന്‍- ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ സഖ്യം 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ അഞ്ജും മൗദ്ഗില്‍- ദീപക് കുമാര്‍ 18ആമത് ഫിനിഷ് ചെയ്തു.

626.5 പോയിന്റുകളാണ് എളവേനില്‍ വാലറിവാന്‍- ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ സഖ്യം നേടിയത്. അഞ്ജും മൗദ്ഗില്‍- ദീപക് കുമാര്‍ സഖ്യം 623.8 പോയിന്റ് നേടി. ഇതിനിടെ, ടോക്യോ ഒളിമ്പിക്‌സ് വനിതാ ടെന്നീസില്‍ ലോക രണ്ടാം നമ്പര്‍ താരമായ നയോമി ഒസാക്ക ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കേറ്റ വോന്‍ഡ്രൗസോവയാണ് മൂന്നാം റൗണ്ടില്‍ ഒസാക്കയെ അട്ടിമറിച്ചത്. വെറും രണ്ട് സെറ്റുകള്‍ മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ അനായാസമായിരുന്നു ചെക്ക് താരത്തിന്റെ ജയം. സ്‌കോര്‍ 6-1 6-4.

42ആം റാങ്കുകാരിയായ മാര്‍ക്കേറ്റ ഡ്രോപ് ഷോട്ടുകള്‍ കളിച്ചാണ് ഒസാക്കയെ ഞെട്ടിച്ചത്. ആദ്യ 15 മിനിട്ടില്‍ തന്നെ ഒസാക്ക നാല് ഗെയിമുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു. രണ്ടാം സെറ്റില്‍ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടര്‍ച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാല്‍, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.

ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ മൂന്നാം ദിനത്തില്‍ ജപ്പാന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ടേബിള്‍ ടെന്നീസില്‍ അടക്കം ചൈനയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ടേബിള്‍ മിക്‌സഡ് ടെന്നീസ് ഡബിള്‍സില്‍ ഇന്നലെ ജപ്പാന്‍ ടീം ലോക ഒന്നാം നമ്പര്‍ ടീമായ ചൈനയെ ആണ് തോല്‍പ്പിച്ചത്.

8 സ്വര്‍ണവും 2 വെള്ളിയും 3 വെങ്കലവും ആണ് ഇപ്പോള്‍ ജപ്പാന് സ്വന്തമായുള്ളത്. മെഡല്‍ നിലയില്‍ രണ്ടാമത് ചൈനയെ പിന്തള്ളി അമേരിക്ക എത്തി.അമേരിക്കയ്ക്ക് നിലവില്‍ 7 സ്വര്‍ണവും 3 വെള്ളിയും നാലു വെങ്കലവും അടക്കം 14 മെഡലുകള്‍ ആണ് ഉള്ളത്.

 

Top