ഒളിമ്പിക്‌സ്; അമ്പെയ്ത്ത് യോഗ്യതാ റൗണ്ടില്‍ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്ത് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത്. 663 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ല്‍ 663 പോയിന്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തില്‍ ഭൂട്ടാന്‍ താരം കര്‍മയാണ് ദീപിക കുമാരിയുടെ എതിരാളി. ലോക റങ്കിംഗില്‍ 191ആം സ്ഥാനത്ത് നില്‍ക്കുന്ന കര്‍മക്കെതിരെ ദീപികക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അതേസമയം, ക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയയുടെ ആന്‍ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 പോയിന്റോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി യോഗ്യതാ ഘട്ടത്തില്‍ ഒന്നാമതാണ് ആന്‍ സാന്‍ ഫിനിഷ് ചെയ്തത്.

അമ്പെയ്ത്ത് യോഗ്യതാ ഘട്ടത്തില്‍ കൊറിയന്‍ ആധിപത്യമാണ് കണ്ടത്. ആദ്യ മൂന്ന് സ്ഥാനങ്ങളും കൊറിയന്‍ താരങ്ങള്‍ കയ്യടക്കി. ആദ്യ പകുതിയില്‍ ദീപിക നാലാം സ്ഥാനത്ത് എത്തിയിരുന്നു എങ്കിലും പിന്നീട് താഴേക്ക് പോയി. അവസാന റൗണ്ട് ആരംഭിച്ചപ്പോള്‍ ഏഴാം സ്ഥാനത്തായിരുന്ന താരം അവസാന ഷോട്ട് പിഴച്ചതോടെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

അതേസമയം, 25 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് ആന്‍ സാന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഉക്രൈന്‍ ഇതിഹാസം ലീന ഹെറസിംനെങ്കോ 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ കുറിച്ച 673 പോയിന്റാണ് ആന്‍ സാന്‍ പിന്തള്ളിയത്.

അതേസമയം, പുരുഷന്മാരുടെ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മോശം പ്രകടനം നടത്തുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ അതനു ദാസും പ്രവീണ്‍ ജാദവും 329 പോയിന്റ് വീതം നേടി പട്ടികയില്‍ 30, 31 സ്ഥാനങ്ങളിലാണ്. 323 പോയിന്റുള്ള തരുണ്‍ദീപ് റായ് 45ആം സ്ഥാനത്താണ്.

 

Top