ഒളിമ്പിക്‌സ്; ഫുട്‌ബോളില്‍ ബ്രസീല്‍ ഫൈനലില്‍

ടോക്യോ: ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ബ്രസീല്‍ ഫൈനലില്‍. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ബ്രസീല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടില്‍ 4-1നായിരുന്നു ബ്രസീലിന്റെ ജയം. ജപ്പാനും സ്‌പെയിനും തമ്മില്‍ നടക്കുന്ന രണ്ടാം സെമിഫൈനലിലെ ജേതാക്കളെയാവും ഫൈനലില്‍ കാനറികള്‍ നേരിടുക.

ഇരു ടീമുകളും തുല്യപോരാട്ടമാണ് കാഴ്ചവച്ചതെങ്കിലും ബ്രസീല്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തു. ക്രോസ് ബാറിനു കീഴില്‍ ഗ്വില്ലെര്‍മോ ഒച്ചോവ നടത്തിയ മികച്ച പ്രകടനമാണ് മെക്‌സിക്കോയെ രക്ഷിച്ചുനിര്‍ത്തിയത്.

നിശ്ചിതസമയവും അധികസമയവും ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാനാവാന്‍ കഴിയാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലെ ആദ്യ രണ്ട് കിക്കുകളും നഷ്ടപ്പെടുത്തിയത് മെക്‌സിക്കോയ്ക്ക് തിരിച്ചടിയായി.

 

Top