ഒളിമ്പിക് ഗുസ്തി; വെങ്കല മെഡല്‍ പോരാട്ടത്തില്‍ ദീപക് പുനിയക്ക് തോല്‍വി

ടോക്യോ: ഒളിമ്പിക് ഗുസ്തിയില്‍ 86 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് തോല്‍വി. സാന്‍ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തി മെഡല്‍ നേടിയത്. 4-2 എന്ന സ്‌കോറിനായിരുന്നു ദീപക്കിന്റെ തോല്‍വി.

മത്സരത്തില്‍ മുന്നിട്ടു നിന്ന ദീപക്കിനെതിരേ അവസാന 10 സെക്കന്‍ഡിനിടയിലെ നീക്കത്തില്‍ മൈലെസ് നാസെം മുന്നിലെത്തുകയായിരുന്നു. നേരത്തെ സെമിയില്‍ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറോട് തോറ്റാണ് ദീപക്കിന് ഫൈനലിന് യോഗ്യത നേടാനാകാതെ പോയത്.

നൈജീരിയയുടെ അഗിയാവോമോര്‍ എക്കെരെകെമെയെ 12-1 എന്ന സ്‌കോറിന് മറികടന്നാണ് ദീപക് ക്വാര്‍ട്ടറിലെത്തിയത്. പിന്നാലെ നടന്ന മത്സരത്തില്‍ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് തോല്‍പ്പിച്ചാണ് ദീപക് സെമിയിലേക്ക് മുന്നേറിയത്.

 

Top