ഒളിംമ്പിക്‌സ് തയ്യാറെടുപ്പ്; സുശീൽ കുമാറിന് പ്രത്യേക ജയിൽ ഭക്ഷണത്തിന് അനുമതി

ന്യൂഡൽഹി: കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ഗുസ്‌തി താരം സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം അനുവദിക്കാൻ കോടതി അനുമതി നൽകി. ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മണ്ടോലി ജയിലിൽ കഴിയുകയാണ് ഒളിമ്പ്യൻ സുശീൽ കുമാർ. ജയിലിൽ പ്രോട്ടീൻ ഷേക്കും പ്രത്യേക ഭക്ഷണവും അനുവദിക്കണമെന്ന് സുശീൽ കുമാർ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ഡൽഹി കോടതി അനുമതി നൽകിയത് . ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയാറെടുപ്പിലാണു താനെന്നും അതിനാൽ പ്രത്യേക സൗകര്യങ്ങൾ അനുവദിക്കണമെന്നുമായിരുന്നു സുശീൽ കുമാറിന്റെ ആവശ്യം.

പ്രോട്ടീൻ ചേരുവകൾ, പ്രത്യേക ഡയറ്റ് ഭക്ഷണം എന്നിവയ്ക്കു പുറമേ പരിശീലത്തിനായുള്ള ബാൻഡും നൽകണമെന്നാണു സുശീൽ കുമാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടത്. അഞ്ചു റൊട്ടി, പച്ചക്കറി, ചോറ്, പരിപ്പ് എന്നിവയാണു സാധാരണ തടവുകാർക്കുള്ള ഭക്ഷണം. ഇതിനു പുറമേ പ്രതിമാസം ജയിൽ കാന്റീനിൽനിന്ന് ആറായിരം രൂപയ്ക്കുള്ള ഭക്ഷണവും വാങ്ങാം.

എന്നാൽ, തന്റെ ശരീരഘടന നിലനിർത്താൻ ഇവ അപര്യാപ്തമാണെന്നു സുശീൽ കുമാർ പറയുന്നു. പ്രത്യേക ഡയറ്റിന്റെ ഭാഗമായി ഒമേഗ 3 കാപ്‌സ്യൂളുകൾ, മൾട്ടിവിറ്റാമിൻ ഗുളികകൾ, പ്രോട്ടീൻ ഷേക്ക് തുടങ്ങിയവ നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തുടർന്ന് കോടതി പ്രത്യേക ഭക്ഷണക്രമം അനുവദിക്കുകയായിരുന്നു.

 

Top