ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര

ദോഹ: ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഉജ്വല ജയത്തോടെ സീസണിന് തുടക്കമിട്ട് ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര. 88.67 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. സൂറിച്ചിലെ സുവർണ നേട്ടം ദോഹയിലും തുടരുകയാണ് നീരജ്. വന്പന്മാർ നിരന്ന പോരാട്ടത്തിൽ ആദ്യ അവസരത്തിൽ തന്നെ ജയിക്കാനുള്ളത് എറിഞ്ഞെടുത്തു. പക്ഷെ ഇത്തവണയും 90 മീറ്ററെന്ന ലക്ഷ്യം തൊടാനായില്ല.

ടോക്കിയോയിൽ വെള്ളി നേടിയ ചെക്ക് താരം യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്ത്. മുൻലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സന് ഇത്തവണ വെല്ലുവിളിയുയർത്താനായില്ല. 85.88 മീറ്ററോടെയാണ് ആൻഡേഴ്സൻ മൂന്നാമതെത്തിയത്. അതേസമയം ട്രിപ്പിൾ ജംപിൽ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ എൽദോസ് പോളിന് പത്താം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. ജൂണിൽ ലുസൈൻ ഡയമണ്ട് ലീഗിലാകും നീരജ് ഇനിയിറങ്ങുക.

ലോക അത്‍ലറ്റിക്സിന്റെ പുതിയ സീസണ് ദോഹ ഡയമണ്ട് ലീഗിന് ഇന്നലെയാണ് സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ തുടക്കമായത്. ഒളിംപിക് , ലോക ചാംപ്യന്മാരുൾപ്പടെ വമ്പന്‍ താരങ്ങൾക്ക് അടുത്ത വര്‍ഷത്തെ പാരിസ് ഒളിംപിക്സിനായി സ്വയം തേച്ചുമിനിക്കാനുള്ള അവസരമാണ് ഡയമണ്ട് ലീഗ്. വര്‍ഷാവസാന കണക്കെടുപ്പില്‍ പ്രകടനങ്ങളില്‍ ആദ്യ എട്ടില്‍ എത്തുന്ന താരങ്ങളാണ് ഡയമണ്ട് ലീഗില്‍ മത്സരിക്കാനെത്തുന്നത്.

Top