Oliver Hart, Bengt Holmstrom win Nobel prize in economics

സ്റ്റോക്‌ഹോം: സാമ്പത്തികശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ പങ്കിട്ടു. കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനമാണ് ഇരുവരെയും നൊബേലിന് അര്‍ഹരാക്കിയത്.

വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയുമുള്ള വിശദമായ പഠനമാണ് ഇവര്‍ നടത്തിയത്.

ബ്രിട്ടനില്‍ ജനിച്ച ഒലിവര്‍ ഹാര്‍ട്ട് അമേിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ് ഹോംസ്‌ട്രോം.

68 കാരനായ ഒലിവര്‍ ഹാര്‍ട്ട് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, വാര്‍വിക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്.

1974 ല്‍ പ്രിന്‍സ്റ്റണില്‍നിന്ന് പി.എച്ച്.ഡി നേടി. 1993 മുതല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറാണ് അദ്ദേഹം. 67 കാരനായ ഹോംസ്‌ട്രോം ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയിലാണ് ജനിച്ചത്. 1978 ല്‍ സ്റ്റാന്‍ഫോര്‍ഡില്‍നിന്ന് പി.എച്ച്.ഡി നേടി. 1994 മുതല്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.

വെദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സമാധാനം എന്നിവയിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Top