ഒലി പോപ്പിന്‍റെ സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ട്, ഇന്ത്യയ്‌ക്കെതിരായ ലീഡ് 100 കടന്നു

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ 126 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് സാക് ക്രൗളിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. 31 റണ്‍സെടുത്ത ക്രൗളിയെ അശ്വിന്‍ രോഹിത് ശര്‍മ്മയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഒലി പോപ്പിന്റെ സെഞ്ച്വറിക്കരുത്തിലാണ് സന്ദര്‍ശകര്‍ മുന്നേറുന്നത്. 208 പന്തില്‍ നിന്ന് 17 ബൗണ്ടറിയടക്കം 148 റണ്‍സെടുത്ത് പോപ്പ് പുറത്താകാതെ നില്‍ക്കുകയാണ്. റെഹാന്‍ അഹമ്മദാണ് (16) പോപ്പിന് കൂട്ടായി ക്രീസിലുള്ളത്.

തുടര്‍ന്നെത്തിയ പോപ് – ബെന്‍ ഡക്കറ്റ് സഖ്യം 58 റണ്‍സ് ചേര്‍ത്ത് ഇംഗ്ലണ്ടിന് പുതുജീവൻ നല്‍കി. എന്നാല്‍ ഡക്കറ്റിനെ (47) ബൗള്‍ഡാക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ജോ റൂട്ടിനെ (2) വിക്കറ്റിന് മുന്നില്‍ കുടുക്കി ബുമ്ര കരുത്തുകാട്ടി. ജോണി ബെയര്‍സ്‌റ്റോയെ (10) ജഡേജ ബൗള്‍ഡാക്കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനെ (6) അശ്വിനും ബൗള്‍ഡാക്കി. ഇതോടെ ഇംഗ്ലണ്ട് അഞ്ചിന് 163 എന്ന നിലയിലായി.

ഒരുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും പോപ്പ് ക്രീസിലുറച്ചുനിന്നു. പിന്നീട് ക്രീസിലെത്തിയ ബെൻ ഫോക്സ് പോപ്പിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയർത്തി മികച്ച പിന്തുണ നൽകി. 112 റൺസാണ് പോപ് – ബെന്‍ ഫോക്‌സ് സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ ഫോക്‌സിനെ (34) പുറത്താക്കി അക്‌സര്‍ പട്ടേല്‍ ബ്രേക്ക് ത്രൂ നല്‍കി. ഇതിനിടെ പോപ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 208 പന്തുകള്‍ നേരിട്ട താരം 17 ബൗണ്ടറികള്‍ കണ്ടെത്തി.
Top