ലോകത്തില്‍ ഇപ്പോഴുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ വെസ്പ സ്‌കൂട്ടര്‍ ലേലത്തിന്.
ഒരു ഓണ്‍ലൈന്‍ ലേല സൈറ്റില്‍ ലേലത്തിനെത്തിയിരിക്കുന്ന വെസ്പയ്ക്ക് മൂന്നു ലക്ഷം യൂറോ അതായത് 2.11 കോടി രൂപ കിട്ടുമെന്നാണ് പ്രതീക്ഷ.
1946 ല്‍ നിര്‍മ്മിച്ച ഈ സ്‌കൂട്ടര്‍ 1953ല്‍ ‘റോമന്‍ ഹോളിഡേ’ എന്ന പ്രശസ്തമായ ചലച്ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 28 വരെയാണ് ലേലം വിളിക്കാനുള്ള അവസരം. 98 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 2 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് വെസ്പയില്‍ ഉപയോഗിക്കുന്നത്. മൂന്ന് സ്പീഡാണ് ഗിയര്‍ബോക്‌സ്.
വെസ്പ സ്‌കൂട്ടറുകളുടെ ചരിത്രം രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലേക്കു നീളുന്നതാണ്. പിയാജിയോ എന്ന ഇറ്റലിയിലെ കമ്പനി യുദ്ധവിമാനങ്ങളാണുണ്ടാക്കിയിരുന്നത്. എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ ഇറ്റലി ജര്‍മനിയുമായി സഹകരിച്ചിരുന്നതുകൊണ്ട് കമ്പനിയെ പിന്നീടു യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ അനുവദിച്ചില്ല.തുടര്‍ന്ന് അവര്‍ വെസ്പ സ്‌കൂട്ടറുകളുടെ നിര്‍മാണത്തിലേക്കു തിരിഞ്ഞു. അങ്ങനെ നിര്‍മിച്ചവയില്‍ മൂന്നാമത്തേതാണ് ഇപ്പോള്‍ ലേലത്തിനെത്തിയിട്ടുള്ളത്.