പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിപ്പോയി, വയോധികയ്ക്ക് മര്‍ദനം; അനാഥാലയ നടത്തിപ്പുകാരനെതിരെ കേസ്

കൊല്ലം: അഞ്ചലിലെ അനാഥാലയത്തില്‍ വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരനെതിരെ പൊലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്‌നേഹാലയം നടത്തിപ്പുകാരന്‍ അഡ്വ. സജീവനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ അനാഥാലയത്തിലെ അന്തേവാസികളെ ചൂരല്‍ കൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ജസ്റ്റിന്‍ സലീമാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സഹിതം ഡി.ജി.പി. ഉള്‍പ്പെടെയുള്ളവര്‍ക്കും ഇയാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് ആരോപിച്ചാണ് സജീവന്‍ ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ മര്‍ദിച്ചത്. മറ്റ് അന്തേവാസികളോട് കയര്‍ത്ത് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

അതേസമയം, താന്‍ വയോധികയെ മര്‍ദിച്ചിട്ടില്ലെന്നാണ് സജീവന്റെ പ്രതികരണം. കസേരയിലാണ് അടിച്ചതെന്നും ജസ്റ്റിന്‍ സലീമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതാണ് പരാതിക്ക് പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും രംഗത്തെത്തി. സ്‌നേഹാലയത്തിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു.

 

Top