സര്‍ക്കാര്‍ വാഹനങ്ങളുടെ പഴയ രജിസ്ട്രേഷന്‍ മാറുന്നു; ഇനി പുതിയ നമ്പര്‍ സീരീസ്; കെഎല്‍ 90

കേരളം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘കെ.എല്‍.-90’ല്‍ തുടങ്ങുന്ന രജിസ്‌ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങളെല്ലാം ഇതിലേക്ക് മാറും. നിലവില്‍ അതതു ജില്ലകളിലെ ആര്‍ടി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ വാഹനങ്ങളും ഈ ഓഫിസില്‍ റീ റജിസ്റ്റര്‍ ചെയ്യേണ്ടി വരും. സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനും, വാഹനങ്ങളുടെ കണക്കെടുക്കാനുമാണ് പുതിയ സംവിധാനം.

പഴയ വാഹനങ്ങള്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യുമ്പോഴും ഈ നമ്പര്‍ നല്‍കും. കെഎല്‍ 90 എ സംസ്ഥാന സര്‍ക്കാര്‍, കെഎല്‍ 90 ബി കേന്ദ്രസര്‍ക്കാര്‍, കെഎല്‍ 90 സി തദ്ദേശ സ്ഥാപനങ്ങള്‍, കെഎല്‍ 90 ഡി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുക.

കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്കാണ് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ മാറ്റുന്നത്.

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വാഹനങ്ങള്‍ ഹാജരാക്കേണ്ട ആവശ്യം വരുന്നില്ല. സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ ‘കേരള സര്‍ക്കാര്‍ ബോര്‍ഡ്’ ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ ദുരുപയോഗം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന് എത്ര വാഹനമുണ്ടെന്നു കണ്ടെത്താനും സഹായകമാവും.

Top