ഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. 75 വര്‍ഷത്തെ യാത്രക്കിടയില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് പഴയ പാര്‍ലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മ്മിച്ചു.
പുതിയ തലമുറക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകും. പാര്‍ലമെന്റ് പടിക്കെട്ടുകളെ നമസ്‌കരിച്ചാണ് താന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായുള്ള അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാല്‍ ഈ മന്ദിരത്തോട് വിട ചൊല്ലാന്‍ സമയമായിരിക്കുന്നു. പുതിയ പാര്‍ലമെന്റിന് വേണ്ടി വിയര്‍പ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി ഓര്‍മ്മിച്ചു.
ചന്ദ്രയാന്‍3 ന്റെയും ജി20 സമ്മേളനത്തിന്റെയും വിജയപ്പൊലിമയിലാണ് രാജ്യം. ചന്ദ്രയാന്‍ വിജയം ശാസ്ത്രജ്ഞന്മാരുടെ പ്രയത്‌നത്തിന്റെ വിജയമാണ്. ജി 20 ഉച്ചകോടി ഇന്ത്യയുടെ ശക്തി വെളിവാക്കുന്നതായി. ഈ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്.
നവംബര്‍ വരെ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. ഈ അവസരം രാജ്യം ഫലപ്രദമായി വിനിയോഗിക്കും. ആഫ്രിക്കന്‍ യൂണിയനെ ജി20 യില്‍ ഉള്‍പ്പെടുത്തിയ തീരുമാനം ചരിത്രപരമായി. ഒരു പാര്‍ട്ടിക്കോ, ഒരു വ്യക്തിക്കോ അവകാശപ്പെട്ടതല്ല ജി20യുടെ വിജയം രാജ്യത്തെ എല്ലാവരുടെയും വിജയമാണ്.
വനിത എം പിമാര്‍ പാര്‍ലമെന്റിന്റെ അഭിമാനമാണ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുപത്തിയഞ്ചാം വയസില്‍ എം പിയായ വ്യക്തിയാണ്. എം പിമാര്‍ കുടുംബാംഗങ്ങളെ പോലെയാണ് പെരുമാറുന്നത്. കൊവിഡിനോട് പോരാടിയാണ് എം പിമാര്‍ അക്കാലത്ത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തത്.
നെഹ്‌റു, വാജ്‌പേയി,മന്‍മോഹന്‍ സിംഗ് തുടങ്ങിയവരെല്ലാം പാര്‍ലമെന്റിന്റെ അഭിമാനം ഉയര്‍ത്തി പിടിച്ചവരാണ്. 2001 ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായതും പ്രധാനമന്ത്രി അനുസ്മരിച്ചു. പാര്‍ലമെന്റ് ആക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല. തീവ്രവാദ ആക്രമണത്തെയും ഈ മന്ദിരം നേരിട്ടു. വെടിയുണ്ടയേറ്റ് ഈ മന്ദിരത്തെ സംരക്ഷിച്ചവരെ ധീരജവാന്‍മാരെ പ്രധാനമന്ത്രി അനുസ്മിച്ചു.