Old notes worth more than Rs 5000 can be deposited only once per account until December 30

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനു പിന്നാലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും കടുത്ത നിയന്ത്രണവുമായി കേന്ദ്രധനമന്ത്രാലയം. ഡിസംബര്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ തീരുമാനം അനുസരിച്ച് 5000 രൂപയില്‍ കൂടുതലുള്ള അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഒരിക്കല്‍ മാത്രമേ അക്കൗണ്ടിലിടാനാകൂ. നിലവില്‍ അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിരുന്നില്ല. പഴയ നോട്ടുകളടക്കം എത്ര രൂപ വേണമെങ്കിലും അക്കൗണ്ടിലിടാമായിരുന്നു. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

5000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനെത്തുന്നവര്‍ ഇത്രയും നാളും എന്തുകൊണ്ടാണ് നിക്ഷേപിക്കാതിരുന്നതെന്ന വിശദീകരണം നല്‍കേണ്ടിവരും. ഇത് തൃപ്തിപ്പെടുത്തുന്നതാണെങ്കില്‍ മാത്രമേ പണം അക്കൗണ്ടില്‍ നിക്ഷേപിക്കൂ. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ച അക്കൗണ്ടുകളില്‍ മാത്രമേ ഇത്തരത്തില്‍ പണം ഇടാനാകൂവെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. സംശയമുണ്ടെങ്കില്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

സ്വകാര്യ-പൊതുമേഖല-സഹകരണ ബാങ്കുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. എന്നാല്‍, ‘പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന’ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നതിന് പരിധികളില്ല.

Top