മറയൂരിൽ മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊന്ന് കൊക്കയിൽ എറിഞ്ഞു

ഇടുക്കി: മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് മധ്യവയസ്‌കനെ യുവാവ് തലയ്ക്കടിച്ച് കൊന്ന് കൊക്കയില്‍ എറിഞ്ഞു. മറയൂര്‍ ശൂശിനി ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതിയായ പുത്രനുവേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

അയ്യാസ്വാമിയും തീര്‍ത്ഥമല സ്വദേശി പുത്രനും കൃഷയിടത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത് പുത്രന്‍ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രന്‍ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിച്ചു. തുടര്‍ന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയില്‍ തള്ളുകയായിരുന്നു.

പ്രതിയ്ക്കായി ആദിവാസി കോളനിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും പുത്രന്‍ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാര്‍ അറിയിച്ചു. അയല്‍വാസിയെ വെട്ടികൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ പുത്രനെ കോടതി നേരത്തെ ശിക്ഷിച്ചിട്ടുണ്ട്.

Top