ക്രീയേറ്റിവിറ്റി എന്നാല്‍ ഇതാണ്; ജീപ്പ് വീടിന്റെ ചിത്രം പങ്കുവെച്ച് മഹീന്ദ്ര മേധാവി

വ്യത്യസ്തവും അത്യാഢംബരവുമായി ആണ് ഇന്ന് ഓരോരുത്തരും തങ്ങളുടെ വീടുകള്‍ നിര്‍മിക്കുന്നത്. ലക്ഷങ്ങളുടെ കണക്കുകള്‍ മാറി കോടികളുടെ കണക്കുകള്‍ കൊണ്ട് മാത്രമാണ് ഇന്ന് ഓരോ കെട്ടിടങ്ങളും കെട്ടിപ്പൊക്കപ്പെടുന്നത്. ലഡാക്കില്‍ നിന്നുള്ള ഒരു വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം പക്ഷേ ആ വീട് ശ്രദ്ധിക്കപ്പെട്ടത് നേരത്തെ പറഞ്ഞ ആ കോടികളുടെ കണക്ക് കൊണ്ടൊന്നും അല്ല എന്നുമാത്രം.

പഴയൊരു മഹീന്ദ്ര അര്‍മ്മദ ജീപ്പു കൊണ്ടാണ് ആ വീട് നിര്‍മിച്ചിരിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ആണ് ഈ വീടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ലഡാക്കിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്‌സിന്റെ സ്ഥാപകനും എന്‍ജിനീയറുമായ സോനം വാങ്ചുക്കാണ് ഈ വീടിന്റെ ശില്‍പ്പി.

ഹിമാലയന്‍ താഴ്‌വയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോഡി തന്നെയാണ് വീടിന്റെ കിടപ്പുമുറി. ഹിമാലയത്തിന്റ മനോഹരമായ കാഴ്ചയുമായി വലിയ ജനാലകളുമുണ്ട് കിടപ്പുമുറിക്ക്. അതിനു താഴെയായി മറ്റു റൂമുകളുമുണ്ട്. പഴയൊരു വാഹനത്തെ അതിമനോഹരമായി റീസൈക്കിള്‍ ചെയ്തിരിക്കുന്നു എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

ഒരു സുഹൃത്ത് വഴിയാണ് ആനന്ദ് മഹീന്ദ്രയ്ക്ക് ഈ ചിത്രം ലഭിച്ചത്. ക്രീയേറ്റിവിറ്റി എന്നാല്‍ ഇതാണെന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലൂടെ പറയുന്നു. വീടിന്റെ വിവിധ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Top