പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണ്; ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് സയ്യിദ് അക്ബറുദ്ദീന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കെതിരെ പൊലീസ് ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് യുഎന്‍ ആസ്ഥാനത്തെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍.

‘കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍, പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സയ്യിദ് അക്ബറുദ്ദീന്‍ വിമര്‍ശനം.

ഇന്ത്യക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് നേരത്തെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീശ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്റേതാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍. ആളുകളെ മര്‍ദ്ദിക്കുന്ന പൊലീസിന്റെ യൂണിഫോമില്‍ ആര്‍എബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയും. ഇമ്രാന്‍ ഖാന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇമ്രാന്‍ പങ്കുവച്ചത് 2013 മേയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നുമാണ് യുപി പൊലീസ് വ്യക്തമാക്കിയത്.

ബംഗ്ലാദേശ് പൊലീസിന്റെ വിഭാഗമായ ആര്‍എബി(റാപ്പിഡ് ആക്ഷന്‍ ബെറ്റാലിയന്‍)യാണ് വീഡിയോയിലുള്ളതെന്നും പൊലീസ് പറഞ്ഞു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വീഡിയോകള്‍ ട്വിറ്ററില്‍നിന്ന് ഇമ്രാന്‍ ഖാന്‍ നീക്കം ചെയ്തിരുന്നു.

Top