സൗജന്യമായി ഓക്‌സിജന്‍ എത്തിച്ചു നല്‍കാന്‍ പദ്ധതിയുമായി ‘ഓല’

ബംഗളൂരു: കോവിഡ് വ്യാപനം രാജ്യത്ത് കുതിച്ചുയരുന്നതിനിടെ ജനങ്ങള്‍ നേരിടുന്ന വിഭവ ക്ഷാമം പരിഹരിക്കുന്നതിന് സഹായഹസ്തവുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി എത്തിച്ചു നല്‍കുമെന്ന് ഓല പ്രഖ്യാപിച്ചു. ആവശ്യക്കാര്‍ക്ക് ഓല ആപ്പ് വഴി തന്നെ കോണ്‍സന്റ്രേറ്ററുകള്‍ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളില്‍ എത്തിച്ചുതരും. പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സി.ഇ.ഒ ഭവിശ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിന്റെ ഭാഗമായി ഡൊണേഷന്‍ പ്ലാറ്റ്‌ഫോമായ ‘ഗിവ് ഇന്ത്യ’യുമായി ചേര്‍ന്ന് ഓറ്റു ഫോര്‍ ഇന്ത്യ പദ്ധതി ആരംഭിച്ചതായും, രാജ്യത്തെവിടേക്കും സൗജന്യമായി ഓക്‌സിജന്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. രോഗം ഭേദമായവരുടെ പക്കല്‍ മരുന്നുകള്‍ മിച്ചമുണ്ടങ്കില്‍ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു. ബംഗളൂരുവിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടത്തില്‍ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Top