നേപ്പാളിലേക്കും ഔദ്യോഗികമായി പ്രവേശനം പ്രഖ്യാപിച്ച് ഒല

നേപ്പാളിൽ ഔദ്യോഗികമായി പ്രവേശനം പ്രഖ്യാപിച്ച് ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക്ക്. ഇതോടെ മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ പട്ടികയിലേക്ക് ഒല ഇലക്ട്രിക്കും ചേര്‍ന്നു. ഒല ഇലക്ട്രിക്കിന്റെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ S1 , S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ നേപ്പാള്‍ വിപണിയില്‍ ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയില്‍ പുറത്തിറക്കിയതിന് ശേഷം ഒല സ്‌കൂട്ടറുകൾ ലഭിക്കുന്ന ആദ്യത്തെ രാജ്യമായി നേപ്പാൾ മാറും.

ഇന്ത്യയിൽ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളിലൊന്നാണ് ഒല ഇലക്ട്രിക് എന്നും കമ്പനി പറയുന്നു. 2021 ഓഗസ്റ്റ് 15 ന് ആണ് എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ കമ്പനി പുറത്തിറക്കിയത്. അടുത്തിടെ, ഓല ഇലക്ട്രിക് എസ് 1 സ്‌കൂട്ടറിന്റെ അപ്‌ഡേറ്റ് പതിപ്പും പുറത്തിറക്കി. ഇന്ത്യയിൽ ഒരു തദ്ദേശീയ ബാറ്ററി സെൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ഇവി നിർമ്മാതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആദ്യ ഇലക്‌ട്രിക് കാറുമായി ഉടൻ എത്താനുള്ള പദ്ധതിയും ഒല ഇലക്ട്രിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top