‘ഓല’ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് തുടക്കം; ഫീച്ചറുകൾ പുറകെ വരും

ല ഇലക്ട്രിക്കിന്റെ എസ് വൺ, എസ് വൺ പ്രോ വൈദ്യുത സ്കൂട്ടറുകൾ ഉപയോക്താക്കൾക്കു കൈമാറി തുടങ്ങി. പല പ്രാവശ്യം പ്രഖ്യാപിക്കുകയും അവസാന നിമിഷം മാറ്റിവയ്ക്കുകയും ചെയ്ത ശേഷമാണ് ഓല സ്കൂട്ടറുകളുടെ ഡെലിവറിക്കു തുടക്കമായത്; ചെന്നൈയിലും ബെംഗളൂരുവിലും പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിച്ചാണു കമ്പനി ആദ്യ 100 സ്കൂട്ടറുകളുടെ കൈമാറ്റം നിർവഹിച്ചത്.

എന്നാൽ മൊബൈൽ ആപ്പ്, വോയിസ് കമാൻഡ്, ക്രൂസ് കൺട്രോൾ, ഹിൽഹോൾഡ് അസിസ്റ്റ്, ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചറുകളില്ലാതെയാണ് സ്കൂട്ടറുകൾ കൈമാറിയത്. ഈ ഫീച്ചറുകൾ വാഹനത്തിൽ എനേബിൾ ചെയ്യാൻ വീണ്ടും ഒരു മാസം സമയം വേണമെന്നും ഓവർ ദ എയർ സോഫ്റ്റ്‌വയർ അപ്ഡേഷനിലൂടെ ഈ ഫീച്ചറുകൾ എത്തുമെന്നുമാണ് ഓല ഉപഭോക്താക്കളെ അറിയിച്ചത്.

എസ് വൺ, എസ് വൺ പ്രോ സ്കൂട്ടറുകളുടെ കൈമാറ്റത്തിനു തുടക്കമായതോടെ ഓല സാക്ഷാത്കരിക്കുന്ന വിപ്ലവത്തിൽ പങ്കാളിയായവരെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണിതെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫിസർ വരുൺ ദുബെ അഭിപ്രായപ്പെട്ടു. ഫ്യൂച്ചർ ഫാക്ടറിയിലെ ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും അങ്ങനെ കൂടുതൽ ഉപയോക്താക്കൾക്കു മുൻനിശ്ചയപ്രകാരം സ്കൂട്ടർ കൈമാറാനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഓല ഇലക്ട്രിക്കിന്റെ ആദ്യ മോഡലുകളായ എസ് വണ്ണും എസ് വൺ പ്രോയും കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സെപ്റ്റംബറിൽ സ്കൂട്ടറുകളുടെ വിൽപ്പനയ്ക്കുള്ള നടപടികൾക്കും തുടക്കമായി. ഒക്ടോബർ 25ന് ടെസ്റ്റ് ഡ്രൈവും ഡെലിവറിയും ആരംഭിക്കുമെന്നായിരുന്നു ഓല ഇലക്ട്രിക്കിന്റെ ആദ്യ പ്രഖ്യാപനം; പിന്നീട് ഈ തീയതി നവംബർ 10ലേക്കു മാറ്റി. അന്നു രാജ്യത്തെ നാലു നഗരങ്ങളിൽ ഓല ഇലക്ട്രിക് പുതിയ എസ് വൺ, എസ് വൺ പ്രോ സ്കൂട്ടറുകൾ പരീക്ഷണ ഓട്ടത്തിനു ലഭ്യമാക്കുകയും ചെയ്തു.

പക്ഷേ 499 രൂപ അഡ്വാൻസ് അടച്ചു കാത്തിരുന്നവർക്കു സ്കൂട്ടറിനു പകരം കമ്പനിയിൽ നിന്നുള്ള ഇ മെയിലായിരുന്നു ലഭിച്ചത്; ചിപ് സെറ്റുകൾക്കും ലിതിയം അയോൺ സെൽ അടക്കമുള്ള ഇലക്ട്രോണിക് ഘടകങ്ങൾക്കുമുള്ള കടുത്തക്ഷാമം മൂലം സ്കൂട്ടർ കൈമാറ്റം വൈകുമെന്നായിരുന്നു വിശദീകരണം. എങ്കിലും സ്കൂട്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ‘എസ് വണ്ണി’ന്റെയും ‘എസ് വൺ പ്രോ’യുടെയും പ്രവർത്തന മികവ് സ്വയം വിലയിരുത്തി വാഹനം വാങ്ങാനുമുള്ള തുടർനടപടിയെന്ന നിലയിലായിരുന്നു ഓല ടെസ്റ്റ് ഡ്രൈവുകൾക്കു തുടക്കമിട്ടത്.

ഒറ്റ ചാർജിൽ 120 കിലോമീറ്റർ ഓടുമെന്ന കരുതുന്ന എസ് വണ്ണിന് 99,999 രൂപയും 180 കിലോമീറ്റർ സഞ്ചാര പരിധിയുള്ള എസ് വൺ പ്രോയ്ക്ക് 1,29,999 രൂപയുമാണു വില. തമിഴ്നാട്ടിൽ സ്ഥാപിച്ച ഫ്യൂച്ചർ ഫാക്ടറിയിലാണ് ഓല വൈദ്യുത സ്കൂട്ടറുകൾ നിർമിക്കുന്നത്. അടുത്ത വർഷം ഇന്ത്യയ്ക്കു പുറമെ യൂറോപ്പിലും ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലുമൊക്കെ ഈ വൈദ്യുത ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്‌ക്കെത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Top