തിരക്കുകളിൽപ്പെടാതെ കൃത്യസമയത്ത് എത്താം;ഓല ബൈക്ക് സേവനം 150 നഗരങ്ങളിലേയ്‌ക്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി സംരംഭകരായ ഓല തങ്ങളുടെ ബൈക്ക് സര്‍വീസുകള്‍ 150 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു.നഗരത്തിരക്കുകളില്‍ കാറുകളെക്കാള്‍ വേഗത്തില്‍ എത്തിപ്പെടാന്‍ ബൈക്കുകള്‍ക്ക് സാധിക്കുമെന്നതാണ് ഓല ബൈക്ക് സര്‍വീസ് കൂടുതലായി വ്യാപിപ്പിക്കാന്‍ കാരണമാവുന്നത്.ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഓല ബൈക്ക് സര്‍വീസ് പ്രാവര്‍ത്തികമാക്കും. ഇതിനായി ബൈക്ക് നിര്‍മാണ കമ്പനികളുമായി ഓല കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

2016ല്‍ ഗുഡ്ഗാവിലായിരുന്നു ആദ്യ ഓല ബൈക്ക് സര്‍വീസ് ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍ നഗരത്തിരക്കുകളില്‍ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഏറെയായിരുന്നു ഓല ബൈക്ക് സര്‍വീസുകള്‍ക്ക്.ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവയ്ക്ക് പുറമെ ഗായ, ബികനീര്‍, മുഗല്‍സാറായ് എന്നിവിടങ്ങളിലേക്കും ഓല ബൈക്ക് സര്‍വീസുകള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

അതേസമയം,ഓല ബൈക്ക് സേവനങ്ങള്‍ കൂടുതാലായി എത്തുന്നതോടെ ഓട്ടോ സര്‍വീസ് നടത്തുന്നവര്‍ക്ക് തിരിച്ചടിയാകാനാണ് സാധ്യത. വേഗത്തിൽ എത്തിപ്പെടാന്‍ വേണ്ടി ബൈക്ക് ആശ്രയിക്കുമ്പേള്‍ താരതമ്യേന ഓട്ടോ സേവനങ്ങള്‍ക്ക് ആവശ്യക്കാരും കുറഞ്ഞേയ്ക്കും. നേരത്തെ പല സംസ്ഥാനങ്ങളിലും ഓല ടാക്‌സി സേവനങ്ങള്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തെത്തിയിരുന്നു.

Top