ഒല സര്‍വീസ് യുകെയിലെ സൗത്ത് വെയില്‍സില്‍ ആരംഭിച്ചു

ola-taxy

ലണ്ടന്‍: ഓസ്‌ട്രേലിയയില്‍ വിജയകരമായി ആരംഭിച്ചതിന് ശേഷം ഒല സര്‍വീസ് യുകെയില്‍ ആരംഭിച്ചു. സൗത്ത് വെയില്‍സിലാണ് ആദ്യ സര്‍വ്വീസ് ആരംഭിച്ചത്. യുകെയില്‍ ഒല പ്രവര്‍ത്തനം ആരംഭിക്കുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും വളര്‍ച്ച നേടാനും യുകെ മികച്ച സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക എന്നതാണ് കമ്പനിയുടെ മുഖ്യ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ഒല സൗത്ത് വെയില്‍സില്‍ ആരംഭിച്ചത് കമ്പനിയുടെ വലിയ നേട്ടമാണെന്നും, സൗത്ത് വെയില്‍സില്‍ നിന്നാണ് യുകെയിലെ യാത്ര ആരംഭിക്കുന്നതെന്നും ഒലയുടെ യുകെ മാനേജിങ്ങ് ഡയറക്ടര്‍ ബെന്‍ ലെഗ്ഗ് വ്യക്തമാക്കി. ഇനിയുള്ള ദിവസങ്ങളില്‍ ഒലയുടെ ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരില്‍ നിന്നും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒലയുടെ മികച്ച സര്‍വ്വീസായിരിക്കം സൗത്ത് വെയില്‍സിലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ഇന്ത്യയില്‍ വിജയം ഉറപ്പാക്കിയതിനു ശേഷം വിദേശരാജ്യങ്ങളിലും സേവനമെത്തിച്ച് മികച്ച വളര്‍ച്ച കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന കമ്പനി. 2018 അവസാനത്തോടുകൂടി രാജ്യത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

Top