പുത്തന്‍ ഒഖീനാവ റിഡ്ജ് പ്ലസ് ഇന്ത്യന്‍ വിപണിയില്‍ ; വില 64,988 രൂപ

റിഡ്ജ്, പ്രെയിസ് സ്‌കൂട്ടറുകളിലൂടെ കടന്നുവന്ന ഒഖീനാവ, തങ്ങളുടെ പുതിയ റിഡ്ജ് പ്ലസ് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വില 64,988 രൂപയാണ്. ല്യൂസെന്റ് ഓറഞ്ച്/മാഗ്‌ന ഗ്രെയ്, മൈല്‍ഡ് നൈറ്റ് ബ്ലൂ എന്നീ രണ്ടു നിറഭേദങ്ങള്‍ സ്‌കൂട്ടറില്‍ തെരഞ്ഞെടുക്കാം.

ബാറ്ററി അഴിച്ചുമാറ്റാമെന്നതടക്കം ഒട്ടനവധി സവിശേഷതകള്‍ പുതിയ ഒഖീനാവ സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളം കയറാത്ത 800W BLDC മോട്ടോര്‍ ഉപയോഗിക്കുന്ന റിഡ്ജ് പ്ലസിന് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഊര്‍ജ്ജം പകരുന്നത്. 150 കിലോ ഭാരം വഹിക്കാനുള്ള സ്‌കൂട്ടറിന്റെ ശേഷിയും ഇവിടെ എടുത്തുപറയണം. സെന്‍ട്രല്‍ ലോക്കിംഗ്, ആന്റി തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ സുരക്ഷയ്ക്കായി റിഡ്ജ് പ്ലസിലുണ്ട്.

ഒറ്റച്ചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം സ്‌കൂട്ടറോടും. മണിക്കൂറില്‍ 55 കിലോമീറ്ററാണ് ഒഖീനാവ റിഡ്ജ് പ്ലസിന്റെ പരമാവധി വേഗം. ഇരു ടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നിറവേറ്റും. ബ്രേക്കു പ്രയോഗിക്കുമ്പോള്‍ വൈദ്യുത ഊര്‍ജ്ജം സൃഷ്ടിക്കുന്ന ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സംവിധാനവും ഒഖീനാവ റിഡ്ജ് പ്ലസില്‍ നല്‍കിയിട്ടുണ്ട്.

Top