ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു ; വില 59,889 രൂപ

ന്ത്യന്‍ ഇലക്ട്രിക് ശ്രേണി കയ്യടക്കാന്‍ ഒരുങ്ങി ഒഖീനാവ.

ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒഖീനാവ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രെയിസിനെ വിപണിയില്‍ അവതരിപ്പിച്ചു.

59,889 രൂപയാണ് ഒഖീനാവ പ്രെയിസിന്റെ എക്‌സ്‌ഷോറൂം വില (ഡല്‍ഹി).

ഒഖീനാവയില്‍ നിന്നും വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഉത്പന്നമാണ് പ്രെയിസ്. ഈ വര്‍ഷമാദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ റിഡ്ജിനെയും ഒഖീനാവ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌കൂട്ടറിന്റെ പ്രീമിയം മുഖം.

പരമാവധി 3.35 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1,000watt ഇലക്ട്രിക് മോട്ടോറിലാണ് പുതിയ ഒഖീനാവ പ്രെയിസിനെ അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പ്രെയിസിന്റെ പരമാവധി വേഗത.

175 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധി നല്‍കാന്‍ പുതിയ സ്‌കൂട്ടറിന് സാധിക്കുമെന്നാണ് ഒഖീനാവയുടെ വാദം.

പ്രതി കിലോമീറ്ററിന് പത്ത് പൈസയാണ് പ്രവര്‍ത്തന ചെലവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ലെഡ്ആസിഡ് ബാറ്ററിയിലാണ് പ്രെയിസ് ഒരുങ്ങുന്നത്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായ സമയം.

2017 നവംബര്‍ മാസം മുതല്‍ തന്നെ പ്രെയിസിന്മേലുള്ള ബുക്കിംഗ് ഒഖീനാവ ആരംഭിച്ചിരുന്നു. 2,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പ്രെയിസിനെ ബുക്ക് ചെയ്യാം.

ഡിസംബര്‍ അവസാനത്തോടെ തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണവും ഒഖീനാവ ആരംഭിക്കും.

Top