ഒഖിനാവ ഐപ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംങ് ആരംഭിച്ചു

ലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തുള്ള ഇന്ത്യന്‍ കമ്പനിയായ ഒഖിനാവ പുതിയ ഐപ്രെയ്‌സ് ഇസ്‌കൂട്ടറിനുള്ള ബുക്കിങ് ആരംഭിച്ചു. 5000 രൂപ സ്വീകരിച്ചാണ് ബുക്കിങ്. ഒഖിനാവ നിരയില്‍ നേരത്തെയുള്ള പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വകഭേദമാണ് ഐപ്രെയ്‌സ്.

ഇന്റലിജെന്റ് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് ഐപ്രെയ്‌സിന്റെ വരവ്. ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. 23 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഐ പ്രയ്‌സിന്റെ ആദ്യ 500 യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ജനുവരിയോടെ ഐ പ്രെയ്‌സ് ഔദ്യോഗികമായി പുറത്തിറക്കും. പുതിയ ലിഥിയം അയേണ്‍ ബാറ്ററി നല്‍കിയതിലൂടെ നേരത്തെയുള്ള ബാറ്ററിയെക്കാള്‍ 40 ശതമാനത്തോളം ഭാരം കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി വ്യക്തമാക്കി. 1970 എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ്. സീറ്റിനടിയില്‍ 19.5 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസും ലഭിക്കും.

3.35 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1000 Watt BLDC ഇലക്ട്രിക് മോട്ടോറാണ് ഐ പ്രെയ്‌സിലുമുള്ളത്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം. സുരക്ഷയ്ക്കായി മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. ഇതിനൊപ്പം ഇലക്ട്രേണിക് അസിസ്റ്റഡ് ബ്രേക്കിങ് സുരക്ഷ വര്‍ധിപ്പിക്കും.

Top