150 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഒഖിനാവ ഇലക്ട്രിക്

ന്ത്യയില്‍ പുതിയ ഉത്പാദന കേന്ദ്രത്തിനായി 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ ഇലക്ട്രിക്. രാജസ്ഥാനില്‍ പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായിട്ടാണ് നിക്ഷേപം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ പുതിയ യൂണിറ്റുകള്‍ പുറത്തിറക്കുന്നതിന് ഇതേ യൂണിറ്റ് ഉപയോഗിക്കും. 58,998 രൂപ എക്സഷോറൂം വിലയുള്ള ഒഖിനാവ ഡ്യുവല്‍ B2B ഇലക്ട്രിക് ഇരുചക്ര വാഹനം കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഈ വിഭാഗത്തില്‍ നിന്നുള്ള മൊത്തം വില്‍പ്പനയുടെ 20 ശതമാനത്തോളം വില്‍പ്പനയാണ് കമ്പനി പുതിയ നിക്ഷേപത്തിലൂടെ പ്രതീക്ഷിക്കുന്നത്. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് പുതിയ ഒഖിനാവ ഡ്യുവലിന് കരുത്ത് പകരുന്നത്. 48W 55Ah വേര്‍പെടുത്താവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. 25 കിലോമീറ്ററാണ് പരമാവധി വേഗത.

‘ഞങ്ങള്‍ ഒരു പുതിയ പ്ലാന്റും പുതിയ ഉത്പ്പന്നങ്ങളും കൊണ്ടുവരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നിക്ഷേപം 150 കോടി രൂപ വരുമെന്ന് ഒഖിനാവ ഓട്ടോടെക് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പുതിയ പ്ലാന്റിന് 5-6 ലക്ഷം യൂണിറ്റ് ശേഷി ഉണ്ടായിരിക്കും. പിന്നീട് ഭാവിയില്‍ 10 ലക്ഷം യൂണിറ്റ് വരെ അത് ഉയര്‍ത്തുമെന്നും’ അദ്ദേഹം പറയുന്നു.

രാജസ്ഥാനിലെ നിലവിലുള്ള പ്ലാന്റിനടുത്താണ് പുതിയ നിര്‍മാണ യൂണിറ്റ്. പുതിയ ഉത്പ്പന്നങ്ങള്‍ക്കൊപ്പം B2B, B2C വിഭാഗങ്ങളെയും കമ്പനി ലക്ഷ്യമിടുന്നു. ഇരുചക്ര വാഹന കമ്പനി ഈ വര്‍ഷം ആദ്യ പകുതിയില്‍ Oki100 എന്ന രഹസ്യനാമമുള്ള ഹൈ സ്പീഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കും. കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിലാണ് ബൈക്കിനെ കമ്പനി അവതരിപ്പിക്കുന്നത്. പിന്നീട് വൈകാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം പദ്ധതികളെല്ലാം തകിടം മറിച്ചു.

മഹാമാരി കാലം ഇ-കൊമേഴ്‌സിന്റെ ഉയര്‍ച്ചയും അവസാന മൈല്‍ ഡെലിവറികളും ത്വരിതപ്പെടുത്തിയതായി ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു. വില്‍പ്പനയെ സംബന്ധിച്ചിടത്തോളം, നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ കമ്പനി ഒരു ലക്ഷം യൂണിറ്റിന്റെ മൊത്തം വില്‍പ്പനയില്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Top