പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറുകളുമായി ഒകായ

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകായ ഇലക്ട്രിക് രണ്ട് ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ കൂടി പുറത്തിറക്കി. ക്ലാസ് ഇ-സ്‌കൂട്ടറിൽ ഏറ്റവും ഉയർന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ഒകായ ഇവി പുറത്തിറക്കിയത്. ഫാസ്റ്റ് എഫ്2ബി, എഫ്2ടി എന്നീ പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 89,999 രൂപയും 84,999 രൂപയുമാണ് വില. പുതിയ ഇ-സ്‌കൂട്ടറുകൾ ഉപയോഗിച്ച്, ഉത്സവ സീസണിൽ വിൽപ്പന വർദ്ധിപ്പിക്കാൻ സാധിക്കും എന്ന് ഒകായ ഇവി പ്രതീക്ഷിക്കുന്നു.

ഒകായ ഫാസ്‍റ്റ് F2B, F2T എന്നിവ അതിന്റെ 2000W മോട്ടോർ വഴി 70kmph എന്ന ഉയർന്ന വേഗത നൽകുന്നു. F2T ഒരു ചാർജിന് 85 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുമ്പോൾ, F2B ഒറ്റ ചാർജിൽ 70 മുതല്‍ 80 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളിലും 2.2kWh LFP ബാറ്ററി പായ്ക്ക് ഉണ്ട്.

F2B-യിൽ, ബാറ്ററി പായ്ക്ക് ഫ്ലോർബോർഡിന് കീഴിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ വലിയ ബൂട്ട് സ്പേസ് ലഭിക്കും. F2T ഇ-സ്കൂട്ടറിന്റെ റൈഡറുടെ സീറ്റിന് താഴെയാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്. ഒകയാ ഇ-സ്‌കൂട്ടറുകൾ 550 ല്‍ അധികം എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകൾ വഴി ഇന്ത്യയിലുടനീളം ലഭ്യമാണ്. അതിന്റെ ലോ-സ്പീഡ് വാഹനങ്ങൾക്ക് 74,999 രൂപ മുതലും 140 മുതല്‍ 160 കിലോമീറ്റർ റേഞ്ച് നൽകുന്ന കമ്പനിയുടെ മുൻനിര ഹൈ-സ്പീഡ് ഫാസ്റ്റ് എഫ്4-ന് 109,000 രൂപ വരെയുമാണ് വില.

ഒകായ പവര്‍ ഗ്രൂപ്പിന്റെ ഇവി വിഭാഗമായ ഒകായ ഇലക്ട്രിക് വെഹിക്കിള്‍സ് 10,000 കോടി രൂപ വരുമാനം ഉള്ള കമ്പനിയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനകം 1.70 ലക്ഷം ഇവികള്‍ വിറ്റഴിച്ചതായി ഒകായ ഇവി പറഞ്ഞു. നിലവിലെ ഉല്‍പ്പന്ന ശ്രേണിയില്‍ ക്ലാസിക്ക് 100, 150, അവിയോണ്‍ IQ 100, 150, ഫാസ്റ്റ് ഇ-സ്‌കൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ‘ഫാസ്റ്റിന്റെ’ ഉയര്‍ന്ന ഡിമാന്‍ഡിന്റെ ഭാഗമായി കമ്പനി, ഇന്ത്യയില്‍ കൂടുതല്‍ എക്സ്‌ക്ലൂസീവ് ഷോറൂമുകള്‍ ആരംഭിക്കുന്നതിനൊപ്പം അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇവികള്‍ വരെ നിര്‍മ്മിക്കാനുള്ള പദ്ധതികളോടെ ഉല്‍പ്പാദന ശേഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.

നിലവില്‍ പ്രതിവര്‍ഷം 1,80,000 വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട് കമ്പനിക്ക്. 2,000 കോടി രൂപ വരുമാനത്തോടെ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമെന്നാണ് ഒകായ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം ഇവികള്‍ വില്‍ക്കാനും ഈ കാലയളവില്‍ 10,000 കോടിയിലധികം വരുമാനം നേടാനും ഒകായ ലക്ഷ്യമിടുന്നു.

Top